‘മഴയത്ത് കാർ ഓവർടേക്ക് ചെയ്ത് ബസിനു നേർക്ക് തിരിഞ്ഞു, സ്കിഡായി; ഇടിക്കില്ലെന്ന് കരുതി’– വിഡിയോ
Mail This Article
ആലപ്പുഴ∙ കാർ ഓവർടേക്ക് ചെയ്തു വന്നതാണ് അപകടകാരണമെന്ന് ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ രാജീവ് .കെഎസ്ആർടിസി കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിലാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
‘‘ശക്തമായ മഴയുണ്ടായിരുന്നു അപ്പോൾ. ഓവർടേക്ക് ചെയ്ത് കാർ കയറിവരികയായിരുന്നു. കാറിനു പോകാനുള്ള സ്ഥലം അവിടെയുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കയറിവന്ന വാഹനം പെട്ടെന്നു തന്നെ ബസിനു നേർക്ക് തിരിഞ്ഞു. പെട്ടെന്ന് സ്കിഡ് ആയി കാറിന്റെ ഇടതുവശം ബസിന്റെ മുന്നിൽ ഇടിച്ചു നിന്നു. ഞാൻ പരമാവധി മാറ്റാൻ നോക്കി. സൈഡിൽ ഒരു പോസ്റ്റ് ഉണ്ടായിരുന്നതിനാൽ കൂടുതൽ താഴേക്ക് ഇറക്കാനായില്ല.
ബസിലും യാത്രക്കാരുണ്ടായിരുന്നല്ലോ. അവരുടെ കാര്യവും നോക്കണ്ടേ. നന്നായി മഴ പെയ്തിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് എതിരെവന്ന വാഹനം കാണാൻ സാധിച്ചു കാണില്ല. ബസ് കണ്ടപ്പോൾ ബ്രേക്ക് ചവിട്ടിയതാകാം. ബസ് വേഗത്തിലായിരുന്നില്ല. കാർ കയറി വരുന്നത് കണ്ടെങ്കിലും ഇടിക്കുമെന്ന് കരുതിയില്ല’’– ഡ്രൈവർ രാജീവ് പറഞ്ഞു.
കാറിലുണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്. 6 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്.