ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു; അവിശ്വാസപ്രമേയം നാളെ
Mail This Article
പന്തളം∙ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു.രമ്യയും രാജിവച്ചു. നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിൽ ബുധനാഴ്ച ചർച്ചയും വോട്ടെടുപ്പും നടക്കാനിരിക്കെയാണ് രാജി. സെക്രട്ടറി ഇ.ബി.അനിതയ്ക്കാണ് ഇരുവരും രാജി നൽകിയത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരണത്തിലുള്ള രണ്ടാമത്തെ നഗരസഭയാണ് പന്തളം. ഭരണപക്ഷത്ത് 4 വർഷമായി തുടരുന്ന ഭിന്നതകളാണ് അവിശ്വാസ പ്രമേയത്തിലേക്കും തുടർന്ന് അധ്യക്ഷയുടെയും ഉപാധ്യക്ഷയുടെയും രാജിയിലേക്കും നയിച്ചത്.
എൽഡിഎഫിലെ 9 പേരും ബിജെപിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.വി.പ്രഭ, സ്വതന്ത്രൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരും ചേർന്നാണ് കഴിഞ്ഞ 22ന് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. അവിശ്വാസ പ്രമേയം പരാജയപ്പെടുത്താനായി ബിജെപി നേതൃതലത്തിൽ നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനു മുന്നോടിയായി ബിജെപി കൗൺസിലർമാരുടെ യോഗവും ചേർന്നു. എന്നാൽ ഭരണപക്ഷത്ത് ഇടഞ്ഞുനിന്ന കെ.വി.പ്രഭ ഉൾപ്പെടെ 3 പേർ സമവായ നീക്കങ്ങൾക്കൊന്നും വഴങ്ങിയില്ല. അവിശ്വാസം ചർച്ച ചെയ്യുന്ന യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് കാട്ടി ബിജെപി നേതൃത്വം നൽകിയ വിപ്പ് കൈപ്പറ്റിയെങ്കിലും ഭരണസമിതിക്കെതിരെ ഉറച്ച നിലപാടിലായിരുന്നു ഇവർ. ഈ 3 നേതാക്കൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചേക്കുമെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് രാജി തീരുമാനം.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സെപ്റ്റംബറിലാണ് ബിജെപി കൗൺസിലർ പ്രഭയെ സസ്പെൻഡ് ചെയ്തത്. ഇതിനുശേഷം ഇവർ യുഡിഎഫും എൽഡിഎഫും നടത്തിയ യോഗങ്ങളിൽ ഭരണസമിതിക്കെതിരെ പ്രസംഗിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ഏരിയ സെക്രട്ടറി ഷാളണിയിച്ചാണ് പ്രഭയെ സ്വീകരിച്ചത്. ഇതേത്തുടർന്നാണ് എൽഡിഎഫ് അവിശ്വാസ പ്രമേയ നീക്കം സജീവമാക്കിയത്.
പന്തളം നഗരസഭയിൽ ബിജെപിക്ക് 18 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 5 സീറ്റും എൽഡിഎഫിന് 9 സീറ്റുമുണ്ട്. ഒരു സ്വതന്ത്രനും നഗരസഭയിലുണ്ട്. വിമതരും എൽഡിഎഫും യുഡിഎഫും സ്വതന്ത്രനും പിന്തുണച്ചാൽ അവിശ്വാസ പ്രമേയം പാസാകും.