രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടുംക്രൂരത; ശിശുക്ഷേമ സമിതിയിലെ 3 ആയമാരെ അറസ്റ്റു ചെയ്തു
Mail This Article
തിരുവനന്തപുരം∙ തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ രണ്ടര വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ ഉപദ്രവിച്ചത്. അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ക്കും എതിരെ പോക്‌സോ ചുമത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചതെന്നാണു പൊലീസ് പറയുന്നത്. മറ്റു രണ്ടുപേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.
കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് മൂന്ന് ആയമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിനെ കുളിപ്പിച്ചപ്പോഴാണ് ജനനേന്ദ്രിയത്തിലെ മുറിവ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ വിവരം ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി. പിന്നീട് തൈക്കാട് ആശുപത്രിയില്‍ കുട്ടിയെ പരിശോധനയ്ക്കു വിധേയയാക്കി. മ്യൂസിയം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കുഞ്ഞിനെ പരിചരിച്ചിരുന്ന ആയമാരെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഏഴ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു.