ഇനി കൂട്ടുകൂടാനില്ല; ചലനമറ്റ് ഉറ്റസുഹൃത്തുക്കൾ, മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കബറടക്കി
Mail This Article
ആലപ്പുഴ∙ രണ്ടു മാസം മുൻപാണ് കലാലയ ജീവിതത്തിന്റെ ലോകത്തേക്ക് അവർ നടന്നു കയറിയത്. വണ്ടാനം ഗവ.മെഡിക്കൽ കോളജിലെ പഠനത്തിനിടയിൽ കളിയും ചിരിയുമായി എത്തിയ ആ 5 കൂട്ടുകാരും ഇനി സഹപാഠികൾക്കൊപ്പം ഇല്ല. കൂട്ടുകാർക്കും ഉറ്റവർക്കും സമ്മാനിച്ച ഓർമകള്‍ ബാക്കിയാക്കി അവർ യാത്രയായി. ദേശീയപാത കളർകോട് ചങ്ങനാശേരിമുക്കിലുണ്ടായ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ സംസ്കാര ചടങ്ങുകൾ ഇന്നും നാളെയുമായി പൂർത്തിയാകും. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കൊച്ചി ടൗൺ ജുമാ മസ്ജിദിൽ ഇന്ന് കബറടക്കി. ശ്രീദീപ് വത്സന്റെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചു. ഇവിടെ സംസ്കാരച്ചടങ്ങു പുരോഗമിക്കുകയാണ്. കണ്ണൂർ മാട്ടൂലിൽ എത്തിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം രാത്രിയോടെയാണ് കബറടക്കുക. കാവാലത്തെ വീട്ടിലെത്തിച്ച ആയുഷ് ഷാജിയുടെ മൃതദേഹവും കോട്ടയം മറ്റക്കരയിലെ കുടുംബവീട്ടിലെത്തിച്ച ദേവനന്ദന്റെ മൃതദേഹവും നാളെ സംസ്കരിക്കും
കോളജിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിനു മുന്നിൽ ചലനമറ്റു കിടന്ന 5 പേരെയും സഹപാഠികൾ കണ്ണീരോടെ അവസാനമായി കണ്ടു. സന്തോഷവും സ്വപ്നങ്ങളും നിറയേണ്ട കലാലയ മുറ്റത്ത് ദുഃഖം തളംകെട്ടുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 വിദ്യാർഥികളെ കാണാൻ നാട് ഒന്നാകെ ഒഴുകിയെത്തി.
വിദ്യാർഥികൾ പഠിച്ചിരുന്ന വണ്ടാനം മെഡിക്കൽ കോളജിൽ തന്നെയായിരുന്നു അവരുടെ പോസ്റ്റുമോർട്ടം നടന്നത്. മരിച്ചവരുടെ ബന്ധുക്കൾ രാവിലെ തന്നെ ആശുപത്രിയിലെത്തി. ഉറ്റവരെ സാന്ത്വനിപ്പിക്കാൻ സഹപാഠികൾക്ക് വാക്കുകളുണ്ടായിരുന്നില്ല.
ഇന്നലെ സംസാരിച്ച് പിരിഞ്ഞവരുടെ വിയോഗത്തിന്റെ വേദനയിലായിരുന്നു അവരും. ഞായറാഴ്ച രാത്രി 9.20ന് അപകടം നടന്നയുടനെ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്ത വന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതോടെ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളും നാട്ടുകാരുമുൾപ്പെടെ ഒട്ടേറെപേരാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഓടിയെത്തിയത്.