‘വണ്ടി നിറയെ ആളായതിനാൽ പിന്നാലെ ബൈക്കിൽ പോയി; അവർ രക്തത്തിൽ കുളിച്ചു കിടന്നു, ഞാൻ തിരിച്ചറിഞ്ഞില്ല’
Mail This Article
ആലപ്പുഴ ∙ ‘‘ കൺമുന്നിൽ അവർ രക്തത്തിൽ കുളിച്ചു കിടന്നു, ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ’’– ദുരന്തത്തിന്റെ ആഘാതത്തിൽ ഇടറുന്ന വാക്കുകൾ. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി കോഴിക്കോട് സ്വദേശി അശ്വിത്തിന് ആ അനുഭവം ഇപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്നു.
കൂട്ടുകാർ മരണത്തിലേക്കു സഞ്ചരിച്ച രാത്രിയിൽ അവർക്കു പിന്നിൽ ബൈക്കിൽ അശ്വിത്തുമുണ്ടായിരുന്നു; സിനിമ കാണാൻ. തിയറ്ററിലേക്കുള്ള യാത്രയ്ക്കിടെ ഒരു വാഹനം അപകടത്തിൽപ്പെട്ടു തകർന്നു കിടക്കുന്നതു കണ്ടു. ബൈക്ക് നിർത്തി ഇറങ്ങി നോക്കി. ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ടു പേരെ ഒരുനോക്കു കണ്ടു. പക്ഷേ സഹപാഠികളാണെന്നു തിരിച്ചറിയാനായില്ല.
അശ്വിത്ത് ആ യാത്രയെപ്പറ്റി ഓർക്കുന്നു:
അനാട്ടമിയുടെ സ്പോട്ടിങ് ടെസ്റ്റ് കഴിഞ്ഞതിനാൽ ഹോസ്റ്റലിലെ എല്ലാവരും ചേർന്നു സിനിമയ്ക്കു പോകാൻ തീരുമാനിച്ചു. ഞാൻ പുറത്ത് പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. എന്നെയും വിളിച്ചു. രാത്രി അവർ കാറിൽ വരുമ്പോൾ ഞാൻ ഫോൺ ചെയ്യുകയായിരുന്നു. വണ്ടി നിറയെ ആളായതിനാൽ ഞാൻ പിറകെ ബൈക്കിൽ വരാമെന്നു പറഞ്ഞു. കാർ ഏതെന്നു കാര്യമായി ശ്രദ്ധിച്ചില്ല. ആ വണ്ടിയിൽ കയറാനൊരുങ്ങിയ ദേവാനന്ദ് എന്ന സുഹൃത്തിനെ എന്റെ കൂടെ ബൈക്കിൽ കൂട്ടി. 8.45നാണ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിന്നു പുറപ്പെട്ടത്. 9.30നായിരുന്നു ഷോ.
കളർകോട് എത്തിയപ്പോൾ ഒരു കാർ ബസിലിടിച്ചു കിടക്കുന്നതു കണ്ടു. ഇറങ്ങി നോക്കിയപ്പോൾ രണ്ടു പേരെ കണ്ടു. പക്ഷേ ആളെ മനസ്സിലായില്ല. അപ്പോഴേക്കും ആംബുലൻസ് എത്തി. ഞങ്ങൾ നേരെ തിയറ്ററിലേക്കു പോയി. കൂട്ടുകാർ എത്താതായപ്പോൾ സംശയമായി. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടൻ അപകട സ്ഥലത്തെത്തി. എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നറിഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത് അവർ തന്നെയാണെന്നു മനസ്സിലായത്.
ക്ലാസ് തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളു. പലരെയും പരിചയപ്പെട്ടു വരുന്നതേയുള്ളു. മുഹമ്മദ് ഇബ്രാഹിമിന്റെയും ആൽവിൻ ഷാജിയുടെയും മൃതദേഹങ്ങളാണ് അപകട സ്ഥലത്തു കണ്ടതെന്നു പിന്നീടാണു മനസ്സിലായത്. 20 ദിവസം മുൻപു ക്ലാസിലെത്തിയ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെ അടുത്തു പരിചയമുണ്ടായിരുന്നില്ല. ആൽവിന്റെ മുഖമാകട്ടെ തിരിച്ചറിയാൻ വയ്യാത്ത നിലയിലുമായിരുന്നു.