ADVERTISEMENT

തിരുവനന്തപുരം∙ കോടികള്‍ മുടക്കി എഐ ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടും സംസ്ഥാനത്തെ റോഡുകള്‍ വീണ്ടും ചോര വീണു കുതിരുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞതിന്റെ ഞെട്ടലില്‍നിന്ന് നാട് മുക്തമായിട്ടില്ല. റോഡ് നിര്‍മാണത്തിലെ പാളിച്ചകളും വാഹനത്തിന്റെ പഴക്കവും ഉള്‍പ്പെടെ അപകടങ്ങൾക്ക് ഒട്ടേറെ കാരണങ്ങള്‍ പറയാറുണ്ടെങ്കിലും അപകടമരണങ്ങള്‍ കുറയ്ക്കാന്‍ അധികൃതര്‍ സ്വീകരിക്കുന്ന നടപടികളൊന്നും ഫലവത്താകുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

kerala-accident-info-card

2023 ജനുവരി മുതല്‍ 2024 ഓഗസ്റ്റ് വരെ 6,534 പേരാണ് റോഡ് അപകടങ്ങളില്‍ കേരളത്തിൽ മരിച്ചത്. ഒരുമാസം ശരാശരി 326 ജീവനുകള്‍ പൊലിയുന്ന ഗുരുതരമായ സ്ഥിതി. ഈ കാലയളവില്‍ ആകെ 80,465 അപകടങ്ങളുണ്ടായി. രാജ്യത്താകമാനമുള്ള കണക്കെടുത്താല്‍ റോഡ് അപകടങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2023 ലെ കണക്കു പ്രകാരം തമിഴ്‌നാടും മധ്യപ്രദേശുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കേരളത്തില്‍ 2022 ല്‍ 43,910 അപകടങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 48,091 ആയി. 2022 ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത് 4317 പേരാണ്. 49,307 പേര്‍ക്കു പരുക്കേറ്റു. 2023 ല്‍ 4080 പേര്‍ മരിക്കുകയും 54,320 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍മാരുടെ പിഴവു മൂലമാണ് 2292 മരണങ്ങളും സംഭവിച്ചതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ 2023ല്‍ മരിച്ചത് 25 പേരാണ്. 2024 ഒക്‌ടോബര്‍ വരെ 40821 അപകടങ്ങളില്‍ 3168 പേര്‍ മരിക്കുകയും 45,657 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

2022ല്‍ രാജ്യത്താകെ 4,61,312 റോഡ് അപകടങ്ങളില്‍ 1,68,491 പേരാണ് മരിച്ചത്. 4,43,366 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ദേശീയപാതകളില്‍ ഉണ്ടായത് 1,51,997 അപകടങ്ങളാണ്. ആകെയുള്ള അപകടങ്ങളുടെ 32.94 ശതമാനവും ഹൈവേകളിലാണ് സംഭവിക്കുന്നത്. ദേശീയപാതകളില്‍ പൊലിഞ്ഞത് 61,038 ജീവനുകളാണ്. ആകെ മരണങ്ങളുടെ 36.22 ശതമാനം. കേരളത്തില്‍ 2018ല്‍ 4303 പേര്‍, 2019ല്‍ 4440, 2020ല്‍ 2979, 2021ല്‍ 3429 എന്നിങ്ങനെയാണ് മരണനിരക്ക്.

kalarkode-info-card

കഴിഞ്ഞദിവസം അപകടമുണ്ടായ ആലപ്പുഴ കളര്‍കോട്- തോട്ടപ്പള്ളി പാതയില്‍ 15 കിലോമീറ്ററിനുള്ളില്‍ ഒരുവര്‍ഷത്തിനിടെ 40 അപകടങ്ങളാണുണ്ടായത്, മരിച്ചത് 14 പേര്‍. 12 ബ്ലാക് സ്‌പോട്ടുകളാണ് ഈ 15 കിലോമീറ്ററിലുള്ളത്. ദേശീയപാത നിര്‍മാണത്തിലെ അശ്രദ്ധയും അപകടങ്ങള്‍ക്കു പ്രധാന കാരണമാണ്. കാര്‍ ലോറിയിലിടിച്ച് കഴിഞ്ഞ വര്‍ഷം അഞ്ചു സുഹൃത്തുക്കള്‍ മരിച്ചിരുന്നു. 1998 ല്‍ കളര്‍കോടു തന്നെ കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് മരിച്ചത് നാലുപേരാണ്.

ക്യാമറകളും നോക്കുകുത്തികള്‍

232 കോടി രൂപ മുടക്കി 202 3ല്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ അപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും കണക്കുകള്‍ മറിച്ചാണു സൂചിപ്പിക്കുന്നത്. 2022 ഓഗസ്റ്റില്‍ 3366 റോഡപകടങ്ങളും 307 മരണവും 4040 പേര്‍ക്കു പരുക്കുമുണ്ടായെങ്കിലും 2023 ഓഗസ്റ്റില്‍ അപകടങ്ങള്‍ 1065 ആയി കുറഞ്ഞെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതില്‍ 58 മരണവും 1197 പേര്‍ക്കു പരുക്കുമുണ്ടായെന്നും വ്യക്തമാക്കി. ക്യാമറ സ്ഥാപിച്ചതിനെത്തുടര്‍ന്ന് റോഡപകടങ്ങളും മരണവും ഗണ്യമായി കുറഞ്ഞെന്നാണ് ഈ കണക്കു നിരത്തി സര്‍ക്കാര്‍ സ്ഥാപിച്ചത്.

എന്നാല്‍, പൊലീസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2023 ഓഗസ്റ്റില്‍ 4006 അപകടങ്ങളുണ്ടായി. 353 മരണങ്ങളും 4560 പേര്‍ക്കു പരുക്കും സംഭവിച്ചു. അതായത്, 2022 ഓഗസ്റ്റിലേതിനെക്കാള്‍ അപകടങ്ങളും മരണവും പരുക്കും വര്‍ധിച്ചുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്യാമറ കണ്‍തുറന്നിരുന്ന 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം 52,823 അപകടങ്ങളാണ് ഉണ്ടായത്. ക്യാമറയില്ലാതിരുന്ന തൊട്ടുമുന്‍പത്തെ വര്‍ഷം 46130 അപകടം. ക്യാമറയുണ്ടായിട്ടും 6693 അപകടം കൂടി. പരുക്കേറ്റവരുടെ എണ്ണവും കൂടി– 6741.

ക്യാമറകളുടെ ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് എന്ന പേരില്‍ തുടര്‍നടത്തിപ്പിനായി 66 കോടി രൂപയാണ് അഞ്ചു വര്‍ഷത്തേക്ക് കെല്‍ട്രോണിനു നല്‍കേണ്ടത്. എന്നാല്‍ ഇതു കുടിശികയായതോടെ നിയമലംഘനങ്ങളുടെ ചെലാന്‍ അയയ്ക്കുന്നതും വൈകിയിരുന്നു. ചെലാൻ അയയ്ക്കാന്‍ ഓരോ വര്‍ഷവും 5.90 കോടി രൂപ വീതമാണ് കണക്കാക്കിയിരുന്നത്. വര്‍ഷം 25 ലക്ഷം ചെലാന്‍ അയയ്‌ക്കേണ്ടിവരുമെന്നും ഒരു ചെലാന്‍ അയയ്ക്കാന്‍ 20 രൂപ ചെലവു വരുമെന്നുമാണ് കെല്‍ട്രോണിന്റെ കണക്ക്. എന്നാല്‍ ക്യാമറ സ്ഥാപിച്ച ആദ്യദിവസങ്ങളില്‍ 4,50,552, 3,97,487, 2,68,378, 2,90,000, 2,37,000, 2,39,000 എന്നിങ്ങനെയായിരുന്നു ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണം. ദിവസം ശരാശരി 2 ലക്ഷം നിയമലംഘനങ്ങള്‍ ആണെങ്കില്‍ വര്‍ഷം 7.3 കോടി നിയമലംഘനങ്ങള്‍ വരും. ഇതോടെ ചെലാന്‍ അയയ്ക്കാനുള്ള ചെലവും കൂടും. സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ ഇ-ചെലാന്‍ അയയ്ക്കുന്നതും വൈകുന്ന അവസ്ഥയാണുള്ളത്.

English Summary:

Continuing road accidents in Kerala: Despite crores spent on AI cameras and safety measures, Kerala roads witness a surge in fatal accidents, raising questions about the effectiveness of current initiatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com