ദൈവനാമത്തിൽ രാഹുൽ, സഗൗരവം പ്രദീപ്; എംഎൽഎമാരായി സത്യപ്രതിജ്ഞ
Mail This Article
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആര്.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര്.ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രിമാരും സന്നിഹിതരായിരുന്നു. ദൈവനാമത്തിൽ രാഹുലും സഗൗരവം പ്രദീപും സത്യപ്രതിജ്ഞ ചെയ്തു.
വീണ്ടും നിയമസഭയില്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും നാടിന്റെ വിഷയങ്ങള്‍ പഠിച്ച് സഭയില്‍ അവതരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് യു.ആര്.പ്രദീപ് പറഞ്ഞു. രണ്ടാം തവണയാണ് യു.ആര്.പ്രദീപ് ചേലക്കരയെ സഭയില്‍ പ്രതിനിധീകരിക്കുന്നത്. പുതിയ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്വന്തം നാടായ അടൂരിലെത്തുന്ന രാഹുലിന് അവിടെയും സ്വീകരണമൊരുക്കിയിട്ടുണ്ട്.