ഒടുവിൽ എൻജിൻ മാറ്റി, 3.5 മണിക്കൂറിനു ശേഷം വന്ദേഭാരത് ട്രാക്കിൽ; യാത്രക്കാർക്ക് ആശ്വാസം
Mail This Article
പാലക്കാട് ∙ തകരാറിനെ തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ യാത്ര പുനരാരംഭിച്ചു. എൻജിൻ ഭാഗത്തെ തകരാറിനെ തുടർന്ന് കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നര മണിക്കൂറോളമാണ് നിർത്തിയിട്ടത്.
ബുധനാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷമാണ് ട്രെയിൻ ഇവിടെയെത്തിയത്. പിന്നീട് മറ്റൊരു ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ചാണ് ട്രെയിൻ തിരുവനന്തപുരത്തേയ്ക്ക് യാത്ര പുനരാരംഭിച്ചത്. ട്രെയിനിന് അങ്കമാലിയിൽ പ്രത്യേക സ്റ്റോപ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താനാണ് ഇവിടെ സ്റ്റോപ് അനുവദിച്ചത്.
ഷൊർണൂർ സ്റ്റേഷന്റെ ബി ക്യാബിന് സമീപത്താണു ട്രെയിനിനു തകരാർ സംഭവിച്ചത്. ഇരുവശങ്ങളും ചതുപ്പ് നിലവും മറ്റു ട്രാക്കുകളും ഉണ്ടായിരുന്നതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. എസി കൃത്യമായി പ്രവർത്തിക്കാതിരുന്നതും ദുരിതമായി. വന്ദേഭാരതിന്റെ പവർ സർക്യൂട്ടിലാണ് തകരാർ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നു റെയിൽവേ പറഞ്ഞു.