ബാബാ സിദ്ദിഖി വധം: മുഖ്യസൂത്രധാരൻ അൻമോൽ; മറ്റു പ്രതികൾക്ക് പണം നൽകിയെന്നും പൊലീസ്
Mail This Article
മുംബൈ ∙ മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരൻ അൻമോൽ ബിഷ്ണോയ്‌യാണെന്നു മുംബൈ പൊലീസ് പ്രത്യേക കോടതിയെ അറിയിച്ചു. പിടിയിലായ മറ്റു പ്രതികൾക്ക് അൻമോൽ സാമ്പത്തികസഹായം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ യുഎസിൽ പിടിയിലായ അൻമോലിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ബാബാ സിദ്ദിഖിക്കു നേരെ വെടിയുതിർത്ത ശിവകുമാർ ഗൗതം ഉൾപ്പെടെയുള്ള 8 പേരെ കോടതി 7 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 12ന്, മകനും മുൻ എംഎൽഎയുമായ ഷീസാന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെയാണ് ബാബാ സിദ്ദിഖിക്കു നേരെ മൂന്നംഗ സംഘം വെടിയുതിർത്തത്. തുടർന്ന്, 2 പേർ പിടിയിലായെങ്കിലും വെടിയുതിർത്ത ശിവകുമാർ ഗൗതം കടന്നുകളഞ്ഞിരുന്നു. പിന്നീട് യുപിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ ഇതുവരെ 26 പ്രതികൾ അറസ്റ്റിലായി. 3 പേർ കൂടി പിടിയിലാകാനുണ്ട്.
നടൻ സൽമാൻ ഖാനുമായും ഡി കമ്പനിയുമായും ബാബാ സിദ്ദിഖിക്കു ബന്ധമുണ്ടായിരുന്നെന്നും ഇത്തരക്കാർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നുമാണു സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ബിഷ്ണോയ് സംഘം സമൂഹമാധ്യമത്തിൽ കുറിച്ചത്. അവരുമായി ബന്ധമുള്ളവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും നൽകി. കഴിഞ്ഞ ഏപ്രിലിൽ, സൽമാന്റെ വസതിയായ ഗാലക്സി അപ്പാർട്മെന്റിനു നേരെയും സംഘം വെടിയുതിർത്തിരുന്നു.
പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയെ വധിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ലോറൻസ് ബിഷ്ണോയ് സംഘം തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണംതട്ടൽ തുടങ്ങിയ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരാണ്. യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്കു റിക്രൂട്ട് ചെയ്തതായുള്ള കേസുകളും സംഘത്തിനെതിരെയുണ്ട്. ലോറൻസ് ബിഷ്ണോയിക്കായി സംഘത്തെ നിയന്ത്രിക്കുന്ന ഗോൾഡി ബ്രാറിനായും അന്വേഷണം നടക്കുന്നു. സംഘത്തലവൻ ലോറൻസ് ബിഷ്ണോയ് നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്.