ഡൽഹിയിൽ വായുമലിനീകരണത്തിൽ കുറവ്; നിയന്ത്രണങ്ങളിൽ ഇളവ് നൽകാമെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 പിൻവലിക്കാമെന്ന് സുപ്രീംകോടതി. വായുമലിനീകരണ തോതിൽ കുറവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുമ്പോലാണ് സുപ്രധാന തീരുമാനം.
ഒരു മാസമായി ഡൽഹിയിൽ വലിയ തോതിലുള്ള വായു മലിനീകരണമാണ് അനുഭവപ്പെട്ടിരുന്നത്. പലയിടങ്ങളിലും നേരത്തെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലായിരുന്നു. ഇതിനിടെ കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞ ദിവസങ്ങളും ഉണ്ടായി. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ വായുഗുണനിലവാരം 161 ആണ്. ഗുണ നിലവാരം മോഡറേറ്റ് വിഭാഗത്തിൽ തുടരുന്നതിനാലാണ് നിയന്ത്രണങ്ങൾ നീക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്.
ഡൽഹിയിലേക്ക് വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ വരുന്നതിൽ നിരോധനം, നോൺ-ഇലക്‌ട്രിക്, നോൺ-സിഎൻജി, നോൺ-ബിഎസ്-VI ഡീസൽ അന്തർസംസ്ഥാന ബസുകൾക്ക് നിയന്ത്രണം, ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം എന്നിങ്ങനെ കർശന നിയന്ത്രണങ്ങളാണ് ജിആർഎപി 4ൽ ഉണ്ടായിരുന്നത്.