തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് ഡൽഹി നിയമസഭാ സ്പീക്കർ; പിന്മാറുന്നത് എഎപിയുടെ മുതിർന്ന നേതാവ്
Mail This Article
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഡൽഹി നിയമസഭാ സ്പീക്കറും ഷാദ്ര എംഎൽഎയുമായ രാം നിവാസ് ഗോയൽ. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‍രിവാളിന് എഴുതിയ കത്തിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചത്. 76 വയസായ രാം നിവാസ് തന്റെ പ്രായമാണ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള കാരണമെന്ന് ചൂണ്ടിക്കാട്ടുന്നെങ്കിലും പാർട്ടിയെ സേവിക്കുന്നത് തുടരുമെന്ന് അദ്ദേഹം കേജ്‌രിവാളിന് ഉറപ്പു നൽകി. ആം ആദ്മി പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ് രാം നിവാസ് ഗോയൽ.
ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് തവണ എംഎൽഎ ആയ രാം നിവാസ് ഗോയൽ വിരമിച്ചത് ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ‘‘കഴിഞ്ഞ 10 വർഷമായി എംഎൽഎ, സ്പീക്കർ എന്നീ നിലകളിൽ ഞാൻ എന്റെ ചുമതലകൾ കാര്യക്ഷമമായി നിർവഹിച്ചു. നിങ്ങൾ എപ്പോഴും എനിക്ക് വളരെയധികം ബഹുമാനം നൽകി. അതിനു ഞാൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും. പ്രായമായതിനാൽ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആം ആദ്മി പാർട്ടിയിൽ തുടരും. നിങ്ങൾ എന്നെ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റാൻ ഞാൻ ശ്രമിക്കും’’ – രാം നിവാസ് ഗോയൽ അരവിന്ദ് കേജ്‍രിവാളിന് അയച്ച കത്തിൽ പറയുന്നു.
രാഷ്ട്രീയത്തിൽ നിന്നുള്ള രാം നിവാസിന്റെ വിരമിക്കൽ പാർട്ടിയെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകളും എഎപി നേടിയിരുന്നു. 8 സീറ്റാണ് ബിജെപി നേടിയത്. സഖ്യത്തിനില്ലെന്നും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അരവിന്ദ് കേജ്‍രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.