‘സിബിഐ വേണ്ട; അന്വേഷണം ശരിയായ ദിശയിൽ’: നവീൻ ബാബു കേസിൽ സർക്കാർ
Mail This Article
തിരുവനന്തപുരം∙ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം. പൊലീസ് അന്വേഷണത്തിൽ പാളിച്ചകളില്ലെന്നും ശരിയായ ദിശയിലാണെന്നുമാണ് സർക്കാർ നിലപാട്. അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും കോടതിയെ അറിയിക്കും.
നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സിപിഎം. എം.വി.ഗോവിന്ദൻ ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്‍റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർജി നാളെയാണ് കോടതി പരിഗണിക്കുന്നത്.
നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി. ദിവ്യയെ രക്ഷിക്കാനാണ് പൊലീസിനു വ്യഗ്രതയെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും സിബിഐയ്ക്കും നോട്ടിസും അയച്ചിരുന്നു.