പ്രതീക്ഷകൾ വിഫലമായി; പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു
Mail This Article
തൃശൂർ∙ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. കുട്ടിയാനയെ രക്ഷിക്കാൻ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് വനംവകുപ്പ് നടത്തിയത്. എന്നാൽ രക്ഷാപ്രവർത്തനം വിഫലമായി. കുട്ടിയാനയെ പുറത്തത്തിച്ച് ഉയർത്താനുള്ള ശ്രമമാണ് അവസാനം നടത്തിയതെങ്കിലും അതും ഫലം കണ്ടില്ല. കുട്ടിയാന സെപ്റ്റിക് ടാങ്കിൽ നിന്നും എഴുന്നേൽക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് ചലനമറ്റു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയാന ചരിഞ്ഞുവെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
വീഴ്ചയിൽ കുട്ടിയാനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പാലപ്പള്ളിയിൽ ആനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്ന മേഖലയിലാണ് കുട്ടിയാന വീണതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടിയാന എപ്പോഴാണ് സെപ്റ്റിക് ടാങ്കിൽ വീണതെന്ന് വ്യക്തമല്ല. രാവിലെ നാട്ടുകാരാണ് കുട്ടിയാനയെ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ഒട്ടും വൈകാതെ തന്നെ ജെസിബി ഉപയോഗിച്ചു ടാങ്കിന്റെ വശം ഇടിച്ച ശേഷം കുട്ടിയാനയെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിഴ്ചയിൽ കുട്ടിയാനയുെട മസ്തക ഭാഗം ഒരു വശത്തേക്കു ചരിഞ്ഞിരുന്നു. റാഫി എന്നയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.