12 കോടിയുടെ പൂജാ ബംപർ ഭാഗ്യവാൻ കരുനാഗപ്പള്ളിയിൽ; ഏജൻസി കമ്മിഷനും ദിനേശിന്
Mail This Article
കൊല്ലം ∙ പൂജാ ബംപർ ലോട്ടറിയടിച്ച ഭാഗ്യവാൻ കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ. 12 കോടിയുടെ ഒന്നാം സമ്മാനമാണു ദിനേശിനു കിട്ടിയത്. നികുതികൾ പിടിച്ചശേഷം 6.18 കോടി രൂപയാണു ദിനേശിനു കയ്യിൽ കിട്ടുക. കൊല്ലത്തു വിറ്റ ജെസി 325526 എന്ന ടിക്കറ്റിനാണു ബംപറടിച്ചത്.
കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ജയകുമാർ ലോട്ടറി ഏജൻസിയാണു സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. സബ് ഏജന്റു കൂടിയായ ദിനേശ് കുമാർ ഇവിടെനിന്ന് ഏജൻസി വ്യവസ്ഥയിൽ വിൽപനയ്ക്കു വാങ്ങിയ ടിക്കറ്റുകളിൽ ഒന്നിനായിരുന്നു ഒന്നാം സമ്മാനം. ഏജൻസി കമ്മിഷനായി ഒരു കോടിയോളം രൂപയും ദിനേശിനു ലഭിക്കും. വല്ലപ്പോഴും മാത്രമാണു ദിനേശ് ഇവിടെനിന്നു ടിക്കറ്റ് വാങ്ങാറുള്ളത്. ആലപ്പുഴ ഭാഗ്യക്കുറി ഓഫിസിൽ നിന്നാണു ജയകുമാർ ഏജൻസി ടിക്കറ്റ് വാങ്ങിയത്.
രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കാണ്. ഓരോ പരമ്പരകൾക്കും 2 വീതം 10 ലക്ഷമാണു മൂന്നാം സമ്മാനം. 39 ലക്ഷം പൂജാ ബംപർ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. സമാശ്വാസ സമ്മാനവും കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ്. ഒന്നാം സമ്മാനം ലഭിച്ച ജയകുമാർ ലോട്ടറിയോടു ചേർന്നുള്ള ക്വയിലോൺ ലോട്ടറി സെന്റർ ഉടമ ഷാനവാസ് വിറ്റ ടിക്കറ്റിനാണ് 1 ലക്ഷം രൂപ സമാശ്വാസ സമ്മാനം ലഭിച്ചത്. ഷാനവാസിനു നാലാം തവണയാണ് സമാശ്വാസ സമ്മാനം കിട്ടിയത്.