ADVERTISEMENT

 തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിന്റെ മൂക്കിനു താഴെയുള്ള യൂണിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയില്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ക്രൂരപീഡനമാണു നേരിടുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ക്രൂരമായാണു മര്‍ദിച്ചത്. എസ്എഫ്‌ഐക്കാര്‍ക്കു പോലും രക്ഷയില്ലാത്ത ക്രിമിനലുകളാണു കോളജ് ഭരിക്കുന്നത്. പ്രിന്‍സിപ്പലും അധ്യാപകരും ഇത്തരം ക്രിമിനലുകളെ ഭയന്നാണു പഠിപ്പിക്കുന്നത്. നടപടിയെടുക്കാന്‍ അവര്‍ക്കു പേടിയാണ്. പൊലീസ് ക്രിമിനലുകള്‍ക്കു കൂട്ടു നില്‍ക്കുന്നു. ഒളിവിലാണെന്നു പൊലീസ് പറയുന്നവര്‍ ദിവസവും കോളജില്‍ വന്ന്, പരാതി കൊടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ്.

പറയുന്നതു കേട്ടില്ലെങ്കില്‍ നിന്റെ കാല്‍ വെട്ടിയെടുക്കുമെന്നു പറഞ്ഞ് ഒരു വിദ്യാര്‍ഥിയുടെ സ്വാധീനമില്ലാത്ത കാല്‍ ചവിട്ടിഞെരിച്ചുകൊണ്ടാണ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദ് ഭീഷണി മുഴക്കിയത്. ഭിന്നശേഷി ദിനത്തിന്റെ തലേന്നു യൂണിവേഴ്‌സിറ്റി കോളജില്‍ സ്വന്തം സംഘടനാ നേതാവിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് അനസ് എന്ന വിദ്യാര്‍ഥിയാണ്. കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിന്‍സിപ്പലിനു പരാതി ഇ–മെയിലായി നല്‍കിയെങ്കിലും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. ക്യാംപസിലെ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ സ്വന്തം സംഘടനയില്‍പെട്ടവര്‍ക്കു പോലും രക്ഷയില്ലെന്നു തെളിയിക്കുന്നതാണു കോളജിലെ എസ്എഫ്‌ഐ ഡിപ്പാര്‍ട്‌മെന്റ് കമ്മിറ്റി അംഗവും, നാട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനസ് നേരിട്ട ആക്രമണം. 

കൊടി കെട്ടാന്‍ മരത്തില്‍ കയറാനും ഇറങ്ങാനുമുള്ള നേതാക്കളുടെ കല്‍പന കാലിനു സ്വാധീനമില്ലാത്തതിനാല്‍ അനുസരിക്കാത്തതിന്റെ പ്രതികാരമായി കോളജിലെ ഇടിമുറിയിലായിരുന്നു മര്‍ദനം. ഒരു വര്‍ഷത്തിനിടെ അഞ്ചാംതവണയാണ് മര്‍ദിക്കുന്നതെന്നു പെരുങ്കുളം കോന്നിയൂര്‍ ചക്കിപ്പാറ സ്വദേശിയും യൂണിവേഴ്‌സിറ്റി കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ അനസ് പറഞ്ഞിരുന്നു. കോളജില്‍ ചേര്‍ന്ന സമയത്തു റാഗിങ്ങില്‍നിന്നു രക്ഷപ്പെടാന്‍ നാട്ടിലെ പാര്‍ട്ടിക്കാരെക്കൊണ്ടു വിളിപ്പിച്ചപ്പോള്‍ തുടങ്ങിയ വൈരാഗ്യമാണെന്നും അനസ് വ്യക്തമാക്കി.

പൊലീസിനു നല്‍കിയ പരാതിയില്‍ അമല്‍ചന്ദ്, വിധു ഉദയ, മിഥുന്‍, അലന്‍ ജമാല്‍ എന്നീ എസ്എഫ്‌ഐ നേതാക്കളെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. പ്രതികള്‍ ഒളിവില്‍ പോയെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും ഇന്നലെയും ഇവര്‍ കോളജിലെത്തി. ഇടിമുറിയില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന ദൃശ്യം പുറത്തു വന്നിരുന്നു. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 2 പേരെ യൂണിറ്റ് ഓഫിസില്‍ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണു ദൃശ്യത്തില്‍. പത്തോളം വരുന്ന എസ്എഫ്‌ഐക്കാര്‍ വളഞ്ഞു നില്‍ക്കുമ്പോള്‍, യൂണിറ്റ് ഭാരവാഹി തല്ലിത്തീര്‍ക്കാന്‍ വെല്ലുവിളിക്കുന്നതും കാണാം– സതീശൻ പറഞ്ഞു.

LISTEN ON

English Summary:

University College Thiruvananthapuram: Opposition leader V.D. Satheesan criticize the incident and highlight the issue of political violence and lack of safety on campus.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com