ADVERTISEMENT

കൊല്ലം∙ സിനിമാലോകത്ത് ലക്കി ഭാസ്കറാണ് താരമെങ്കിൽ കേരളത്തിലെ ലക്കി സ്റ്റാർ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.ദിനേഷ് കുമാറാണ്. ‘കേശു ഈ വീടിന്റെ നാഥ’നിലെ നായകനെയും കുടുംബത്തെയും പോലെയായിരുന്നു ദിനേഷും കുടുംബവും ഇന്നലെ കൂട്ടുകാരന്റെ മകളുടെ കല്യാണപ്പന്തലിലെത്തിയത്. കുട്ടികളെ സ്കൂളിൽ വിടാതെ, തനിക്കാണ് ലോട്ടറിയടിച്ചതെന്നു ആരോടും പറയാതെ കല്യാണം കൂടി. കല്യാണത്തിനു മേൽനോട്ടം വഹിച്ചത് കോടീശ്വരനായ ദിനേഷാണെന്ന് നാട്ടുകാരറിഞ്ഞത് മണിക്കൂറുകൾക്കുശേഷം മാത്രം. കഴിഞ്ഞ ഒക്ടോബർ 22ന് കൊല്ലം ജയകുമാർ ലോട്ടറി സെന്ററിൽ നിന്ന് പൂജാ ബംപറെടുത്തപ്പോൾ അത് തന്റെ ജീവിതഭാഗ്യമെന്നറിഞ്ഞില്ല.

ഫലം വന്നപ്പോൾ താനാണ് വിജയിയെന്നറിഞ്ഞെങ്കിലും ആരോടും പറഞ്ഞില്ല. വൈകിട്ട് ലോട്ടറി സെന്ററിൽ അറിയിച്ചെങ്കിലും ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടും പറഞ്ഞില്ല. കോടീശ്വരനായ സന്തോഷത്തിൽ ഉറക്കമില്ലാതായതോടെ രാവിലെ രശ്മിയോട് സന്തോഷം പങ്കിട്ടു. ഒരിക്കലും സ്കൂളിൽ അവധിയെടുക്കാൻ അനുവദിക്കാത്ത അച്ഛൻ അവധിയെടുക്കാൻ പറഞ്ഞതോടെ മക്കളും ത്രില്ലിലായി. 

ക്രിസ്മസ് സമ്മാനമായി തൊടിയൂർ നോർത്ത് കൊച്ചയ്യത്തുകിഴക്കതിൽ വീട്ടിലേക്ക് പൂജാ ബംപറെത്തിയതിന്റെ സന്തോഷത്തിൽ ഇരട്ടിമധുരമുണ്ട്. ഏജൻസി വ്യവസ്ഥയിൽ 10 ടിക്കറ്റുകൾ ഒന്നിച്ചെടുത്തതിനാൽ കമ്മിഷനും (10%) ദിനേശിനു തന്നെ സ്വന്തം. മുൻപും ബംപറുകളെടുത്ത് ഒരുലക്ഷം, അൻപതിനായിരം തുകവരെ നേടിയിട്ടുണ്ട്. സ്ഥിരമായി കരുനാഗപ്പള്ളിയിലെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്ന് ലോട്ടറിയെടുക്കുന്ന ദിനേശ് ഇത്തവണ ആദ്യമായി കൊല്ലത്തുനിന്ന് ഭാഗ്യപരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിലെ പശു ഫാമിൽ നിന്നും ഫിനാൻസ് നടത്തിയും ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം.

English Summary:

Pooja Bumper Lottery Winner Story: Dinesh Kumar from Karunagappally wins the Pooja Bumper Kerala Lottery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com