ADVERTISEMENT

ശബരിമല∙ സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പൊലീസിന്റെ റിസ്റ്റ് ബാ‍ൻഡ്. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശി ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ് ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞുനടന്ന ശിവാർഥിക സിവിൽ പൊലീസ് ഓഫിസറായ അക്ഷയ്‌യുടെ ശ്രദ്ധയിൽപ്പെട്ടു. കരയുന്ന കുട്ടിയോട് വിവരങ്ങൾ തേടിയ അക്ഷയ് കുട്ടിയുടെ കൈയിൽ ധരിപ്പിച്ചിരുന്ന റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തിയിരുന്ന നമ്പറിൽ നിമിഷങ്ങൾക്കകം ബന്ധപ്പെട്ടു. തുടർന്ന് പിതാവെത്തിയതോടെ ശിവാർഥികയുടെ കരച്ചിൽ ആശ്വാസച്ചിരിയായി. പൊലീസ് അങ്കിളിനു നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലചവിട്ടിയത്. ഇത്തരത്തിൽ ഒട്ടേറെ കുട്ടികൾക്കാണ് പൊലീസിന്റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്.

പത്തുവയസ്സിൽ താഴെയുള്ള 5000ലധികം കുട്ടികൾക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചത്. പമ്പയിൽനിന്നു വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാൽ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് ബാൻഡ് ധരിപ്പിക്കുന്നുണ്ട് പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.

English Summary:

Sabarimala Pilgrimage: A police wristband helps reunite a lost child with her family at Sabarimala, highlighting the success of this new safety initiative by the Kerala Police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com