2022ൽ നിർദേശിച്ചിട്ടും പേരുമാറ്റിയില്ല; ‘കോടതിവിളക്കി’ൽ കേസെടുത്ത് ഹൈക്കോടതി
Mail This Article
കൊച്ചി∙ ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള കോടതിവിളക്കിൽ കേസെടുത്ത് ഹൈക്കോടതി. കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും മുരളി പുരുഷോത്തമനും അടങ്ങുന്ന ദേവസ്വം ബെഞ്ച് വിഷയം നാളെ പരിഗണിക്കും.
ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ചാവക്കാട് കോടതിയിലെ ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരും ചേർന്ന് വർഷങ്ങളായി നടത്തി വരുന്ന വിളക്കാഘോഷമാണ് ഇത്. എന്നാൽ കോടതി വിളക്കെന്ന പദം ഇതിന് ഉപയോഗിക്കരുതെന്ന് 2022ൽ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അന്ന് പേരുമാറ്റാൻ നിർദേശിച്ചത്.
മതനിരപേക്ഷ സമൂഹത്തിൽ കോടതിവിളക്കെന്ന പേരിൽ ഒരു ചടങ്ങ് നടത്തുന്നത് ശരിയായ കാര്യമല്ലെന്നും ഇതിൽ നടപടി വേണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിലും ഇതേ പേര് ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം വീണ്ടും ഹൈക്കോടതിക്ക് കത്ത് ലഭിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.