കളർകോട് അപകടം: കാർ വാടകയ്ക്ക് നൽകിയതിന് ഉടമയ്‌ക്കെതിരെ കേസ്; റജിസ്ട്രേഷൻ റദ്ദാക്കും
Mail This Article
ആലപ്പുഴ ∙ കളർകോട് കെഎസ്ആർടിസി ബസിൽ കാർ ഇടിച്ചുകയറി അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാറുടമയ്‌ക്കെതിരെ മോട്ടർ വാഹന വകുപ്പ് കേസെടുത്തു. വാഹനയുടമയായ വളഞ്ഞവഴി സ്വദേശി ഷാമിൽ ഖാനെതിരെയാണ് കേസെടുത്തത്. വിദ്യാർഥികൾക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഡിസംബർ രണ്ടിനായിരുന്നു അപകടം. ഷാമിൽ ഖാന്റെ കാറിൽ സിനിമ കാണാൻ പോകുമ്പോഴാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. കാർ വാടകയ്ക്കു നൽകിയതല്ലെന്ന ഷാമിൽ ഖാന്റെ വാദം തെറ്റാണെന്നു പൊലീസും മോട്ടർവാഹന വകുപ്പും കണ്ടെത്തിയിരുന്നു.
വാഹനമോടിച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഗൗരിശങ്കറിന്റെ അക്കൗണ്ടിൽ നിന്ന് ഷാമിൽഖാന്റെ അക്കൗണ്ടിലേക്ക് വാടകയായ 1000 രൂപ യുപിഐ ഇടപാടിലൂടെ കൈമാറ്റം ചെയ്തതായി കണ്ടെത്തി. പണം കൈമാറിയതു കണ്ടെത്തിയപ്പോൾ ഇതു വിദ്യാർഥികൾക്കു വായ്പയായി നൽകിയ പണം തിരിച്ചുനൽകിയതാണെന്നായിരുന്നു ഷാമിൽ ഖാന്റെ വാദം. അപകടത്തിൽ മരിച്ച കണ്ണൂർ മാട്ടൂൽ സ്വദേശിയുടെ ലൈസൻസിന്റെ പകർപ്പ് ഷാമിൽ ഖാൻ സംഘടിപ്പിച്ചത് അപകടം നടന്നതിനു ശേഷമാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
സ്വകാര്യ ആവശ്യത്തിനായി റജിസ്റ്റർ ചെയ്ത വാഹനം ടാക്സി ആയി ഓടിക്കാനോ വാടകയ്ക്കു നൽകാനോ പാടില്ലെന്നാണു നിയമം. നിയമവിരുദ്ധമായി വാടകയ്ക്കു നൽകിയ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും ഉടമയ്‌ക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നു. നിയമവിരുദ്ധമായി സ്വകാര്യവാഹനം വാടകയ്ക്കു നൽകുന്നുവെന്നു ഷാമിൽഖാനെക്കുറിച്ച് മുൻപും പരാതികളുണ്ടെന്നാണ് അധികൃതർ പറയുന്നത്. മരിച്ച വിദ്യാർഥികളിലൊരാളുടെ ബന്ധുവുമായുള്ള സൗഹൃദത്തിന്റെ പേരിലാണു വാഹനം നൽകിയതെന്നും വാടകയ്ക്ക് അല്ലെന്നുമായിരുന്നു ഷാമിൽഖാന്റെ വാദം.