ADVERTISEMENT

കൊച്ചി ∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു നിർദേശം നൽകിയിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല. ഹർജിയിൽ വിശദവാദം കേൾക്കാനായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് 12ലേക്കു മാറ്റി. കേസ് ഡയറി പരിശോധിച്ചു വ്യക്തത വരുത്തുമെന്നും കോടതി പറഞ്ഞു. അന്വേഷണത്തിന് സിബിഐ തയാറാണോയെന്ന കോടതിയുടെ ചോദ്യത്തിന് ഹൈക്കോടതി ഉത്തരവിട്ടാൽ അന്വേഷണം ഏറ്റെടുക്കാമെന്നായിരുന്നു മറുപടി. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നു കോടതി പറഞ്ഞു. നവീന്റെ ദേഹപരിശോധനയിലും ഇൻക്വസ്റ്റിലും പരുക്കുകൾ കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു. ഇല്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്നാണു കേസ് ഡയറി പരിശോധിച്ച് വ്യക്തത തേടാമെന്നു കോടതി പറഞ്ഞത്. സർക്കാരിനോട് എതിർ സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴിതെറ്റിയെന്നു പറയാനാകില്ലെന്നും പൊലീസ് പക്ഷപാതം കാട്ടുന്നു എന്ന ആരോപണത്തിനു നിലവിൽ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥൻ വേണമെന്ന് അഭിപ്രായമുണ്ടോയെന്നും കോടതി ആരാഞ്ഞു. എന്നാൽ നരഹത്യയടക്കം സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം വേണമെന്ന വാദത്തിൽ ഹർജിക്കാരി ഉറച്ചുനിന്നു.

നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്ന‌് സംശയിക്കാൻ കാരണങ്ങളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

എ‍ഡിഎം നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാൻ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി, സാക്ഷി മൊഴി, സാഹചര്യ തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ലെന്ന് എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതി പി.പി.ദിവ്യയുടെയും കലക്ടറുടെയും പ്രശാന്തിന്റെയും കോൾ ഡേറ്റ രേഖകൾ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത് കൊടേരി നൽകിയ എതിർസത്യവാങ്മൂലത്തിൽ അറിയിച്ചു.

ക്രിമിനൽ അന്വേഷണത്തിലെ എല്ലാ മികച്ച രീതികളും പിന്തുടർന്നാണ് അന്വേഷണം നടത്തുന്നത്. പഴുതുകൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന ആരോപണം തെറ്റാണ്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സാധ്യത തള്ളികളയാനാവില്ലെന്ന ആരോപണം അനുസരിച്ച് അന്വേഷണം നടക്കുന്നുണ്ട്. തൂങ്ങിമരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവും പറയുന്നില്ല. ഇൻക്വസ്റ്റിൽ ഇതിനുള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ല. കലക്ടറേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിർണായക തെളിവു ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും എസ്ഐടി റിപ്പോർട്ട്, കോൾ ഡേറ്റ രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും വിവരങ്ങളില്ലാതെ അവ്യക്തമാണെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുരുദ്ദേശ്യമാണ് പിന്നിൽ.

ഇൻക്വസ്റ്റ് സമയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യം വേണമെന്നു നിർബന്ധമില്ല. 5 മണിക്കൂറിനുള്ളിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കണമെന്നു സർക്കാർ നിർദേശമുണ്ട്. പത്തനംതിട്ടയിൽ നിന്നു ബന്ധുക്കൾ കണ്ണൂരിലെത്താൻ 12 മണിക്കൂർ സഞ്ചരിക്കണമെന്നതിന്റെ അടിസ്ഥാനത്തിൽ നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു കലക്ടറേറ്റ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നെന്നും വ്യക്തമാക്കി.

സത്യവാങ്മൂലത്തിൽ നിന്ന്:

സ്വതന്ത്ര സാക്ഷിയുടെയും വിദഗ്ധന്റെയും സാന്നിധ്യത്തിൽ സംഭവ സ്ഥലത്തു വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. നവീൻ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ അന്വേഷണത്തിനു ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോണിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിട്ടില്ല. കോൾ ഡേറ്റ വിവരങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു,ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. പൊലീസ്, മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല.

ഗൂഢാലോചനയുണ്ടെന്ന സൂചനയുമായി പ്രശാന്ത‌ിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. നവീൻ ബാബു കലക്ടറേറ്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും മുനീശ്വരൻ കോവിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. നവീൻ ബാബു താമസിച്ചിരുന്നതിന്റെ 30 മീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ക്വാർട്ടേഴ്സ് കാണുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനായിട്ടില്ല. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതി സിപിഎംകാരിയായതിനാൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലെന്ന ആരോപണം തെറ്റാണ്. അതിവേഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ പ്രശാന്ത‌ിനെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ മറ്റ് വസ്തുതകൾ ഇല്ല. നവീൻ ബാബു ജോലി ചെയ്ത വകുപ്പിലെ ജീവനക്കാർ മൊഴി നൽകാൻ തയാറായില്ലെന്നു പറയുന്നത് തെറ്റാണ്. എഡിഎം ഇൻ ചാർജ്, സൂപ്രണ്ട് എന്നിവരുടെയുൾപ്പെടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

English Summary:

Naveen Babu Death: CBI ready to investigate, Kerala Government oppose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com