ഇന്ത്യൻ പ്രതിനിധി ബംഗ്ലദേശിലേക്ക്; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടുത്തയാഴ്ച സന്ദർശനം നടത്തും
Mail This Article
ന്യൂഡൽഹി∙ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലദേശിൽ സന്ദർശനം നടത്തും. ഡിസംബർ 9ന് മിസ്രി ബംഗ്ലദേശിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് വിക്രം മിസ്രി. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചർച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇസ്കോൺ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ വളരെ സൂക്ഷിച്ചായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. കൃഷ്ണദാസിന്റെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും നീതിയുക്തമായ വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മയ് കൃഷ്ണദാസിനെ ബംഗ്ലദേശ് അറസ്റ്റുചെയ്തത്. ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യം മുറുകി നിൽക്കുന്ന വേളയിലാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം.