കിട്ടിയത് നവംബർ 13ന് എന്നു കേന്ദ്രം; ഓഗസ്റ്റ് 17ന് എന്നു കേരളം! വയനാട് നിവേദനം വൈകിയോ?
Mail This Article
തിരുവനന്തപുരം∙ വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം സംബന്ധിച്ച് പരസ്പരമുള്ള പഴിചാരല്‍ അവസാനിപ്പിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സിപിഎം സംസ്ഥാനത്താകെ സമരപരിപാടികള്‍ സംഘടിപ്പിച്ച് പ്രതിഷേധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അസസ്‌മെന്റ് മെമ്മോ നല്‍കാന്‍ മൂന്നരമാസം വൈകിയതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അസസ്‌മെന്റ് മെമ്മോ നല്‍കിയതു സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും പറയുന്ന തീയതികളിലും പൊരുത്തക്കേടുണ്ട്.
വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കു നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമുണ്ടായി മൂന്നര മാസം കഴിഞ്ഞിട്ടും അസസ്‌മെന്റ് മെമ്മോ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്ന് അമിത് ഷായുടെ മറുപടിയില്‍ പറയുന്നു. വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പ്രിയങ്കയ്ക്കുള്ള മറുപടിയിലും കേന്ദ്രം ആവര്‍ത്തിച്ചിരിക്കുന്നത്. 2219 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ട് നവംബര്‍ 13ന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിലും വ്യക്തമാക്കിയിരിക്കുന്നത്.
മെമ്മോറാണ്ടം നല്‍കിയതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പറയുന്ന തീയതിയും കേന്ദ്രം അറിയിക്കുന്ന തീയതിയും തമ്മില്‍ വലിയ പൊരുത്തക്കേടാണുള്ളത്. ഓഗസ്റ്റ് 14ന് ദേശീയ ദുരന്തനിവാരണ സമിതി നിര്‍ദേശിച്ച പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്റ് ഉള്‍പ്പടെ കേരളം തയാറാക്കിയെന്നും ഓഗസ്റ്റ് ഒമ്പതിന് മെമ്മൊറാണ്ടം തയാറാക്കി 17ന് കേന്ദ്രത്തിനു നല്‍കിയെന്നുമാണ് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടു മാസം കഴിഞ്ഞ് നവംബര്‍ 11ന് മാത്രമാണ് അസസ്‌മെന്റ് മെമ്മോ ലഭിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
‘നടപടി വൈകിപ്പിച്ചത് സംസ്ഥാനം’
വയനാട്ടില്‍ ദുരന്തം ഉണ്ടായ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ ശക്തമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചതെന്നാണ് പ്രിയങ്കാ ഗാന്ധിക്കുള്ള മറുപടിയില്‍ അമിത് ഷാ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നിരീക്ഷിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അന്നു രാത്രി തന്നെ സംഭവസ്ഥലത്തേക്ക് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച കേന്ദ്രമന്ത്രി അമിത് ഷാ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എന്‍ഡിആര്‍ഫിന്റെ നാലു സംഘങ്ങളെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു ടീമിനെയും ആവശ്യമായ സാമഗ്രികളുമായി വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനു വിന്യസിച്ചു. കരസേന സൈനികരെയും നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകളും എത്തിച്ചു. എന്‍ഡിആര്‍എഫ് 30 പേരുടെ ജീവന്‍ രക്ഷിക്കുകയും 520 പേരെ ഒഴിപ്പിക്കുകയും ചെയ്തു. കരസേനയുടെ മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പ് 190 അടി ബെയ്‌ലി പാലം നിര്‍മിച്ചു.
അമിത് ഷായുടെ നിര്‍ദേശപ്രകാരം എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ ഓഗസ്റ്റ് ഏഴു മുതല്‍ 10 വരെ ദുരന്തസ്ഥലത്തു തുടര്‍ന്നു. വയനാട്ടിലെ ജനങ്ങള്‍ക്കുള്ള അടിയന്തര സഹായമായി ജൂലൈ 31ന് 145.60 കോടിയും രണ്ടാം ഗഡുവായി ഒക്‌ടോബര്‍ 10ന് 145.60 കോടി രൂപയും അനുവദിച്ചുവെന്നും അമിത് ഷായുടെ മറുപടിയില്‍ പറയുന്നു. സംസ്ഥാനത്തിന്റെ എസ്ഡിആര്‍എഫ് ഫണ്ടില്‍ 782.99 കോടി രൂപ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മെമ്മോറാണ്ടത്തിനു കാത്തുനില്‍ക്കാതെ കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റ് 2ന് ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം (ഐഎംസിടി) രൂപീകരിച്ചു. അവര്‍ ഓഗസ്റ്റ് 8 മുതല്‍ 10 വരെ ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തമേഖല സന്ദര്‍ശിച്ചു.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ പുനരധിവാസം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ 214.68 കോടി രൂപ സഹായം (എസ്ഡിആർഎഫ്) ആവശ്യപ്പെട്ട് ഓഗസ്റ്റ് 19ന് ആദ്യ മെമ്മോറാണ്ടം സമര്‍പ്പിച്ചു. അവശിഷ്ടങ്ങള്‍ മാറ്റാനുള്ള 36 കോടി ഉള്‍പ്പെടെയായിരുന്നു ഇത്. ഐഎംസിടി റിപ്പോര്‍ട്ട് പ്രകാരം ഉന്നതതല സമിതി നവംബര്‍ 16-ന് ചേര്‍ന്ന യോഗത്തില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ എത്തിച്ചതിന്റെയും അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെയും ചെലവ് ഉള്‍പ്പെടെ 153.47 കോടി രൂപയുടെ സഹായത്തിന് അനുമതി നല്‍കി. (അനുവദിക്കുന്ന തുകയില്‍ നിന്ന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) അവശേഷിക്കുന്ന തുകയുടെ 50% വെട്ടിക്കുറച്ചേ പണം നല്‍കൂ എന്നാണ് വ്യവസ്ഥ)
മേഖലയില്‍ വീടുകള്‍, സ്‌കൂളുകള്‍, റോഡുകള്‍, കുട്ടികളുടെ ഭാവി ഉറപ്പാക്കുന്ന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഉറപ്പു പാലിക്കുന്നതില്‍ കാലതാമസം വരുത്തി ദുരന്തമുണ്ടായി മൂന്നര മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അസസ്‌മെന്റ് മെമ്മോ അയച്ചില്ല. അടുത്തിടെയാണ് 2219.033 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് മെമ്മോ നല്‍കിയത്. ഉടന്‍ തന്നെ കേന്ദ്രം ഐഎംസിടിയോട് റിപ്പോര്‍ട്ട് പഠിക്കാന്‍ ആവശ്യപ്പെട്ടു. ഐഎംസിടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസഹായം ലഭ്യമാക്കും. ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധിക്കു നല്‍കിയ മറുപടിയില്‍ അമിത് ഷാ പറയുന്നു.
‘തന്നതൊന്നും വയനാടിനു വേണ്ടിയല്ല’
എന്നാല്‍ ത്രിപുരയില്‍ ഐഎംസിടി സന്ദര്‍ശനവേളയില്‍ തന്നെ 40 കോടി അധികസഹായം പ്രഖ്യാപിച്ച കാര്യം സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലേത് ‘തീവ്രദുരന്ത’മായി പരിഗണിച്ച് കേരളത്തിനു കേന്ദ്ര ദുരിതാശ്വാസനിധിയില്‍നിന്ന് (എന്‍ഡിആര്‍എഫ്) 153.47 കോടി രൂപ കൂടി അനുവദിച്ചതെന്നു കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോള്‍ തുക കണക്കാക്കുന്നതിലെ സാങ്കേതികത്വം മൂലം, ഇതില്‍ ഒരു രൂപ പോലും ലഭിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരാഴ്ച മുന്‍പ് സംസ്ഥാനം കേന്ദ്രത്തിനു കത്തയച്ചിരുന്നു. അനുവദിക്കുന്ന തുകയില്‍നിന്ന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) അവശേഷിക്കുന്ന തുകയുടെ 50% വെട്ടിക്കുറച്ചേ പണം നല്‍കൂ എന്ന വ്യവസ്ഥയാണു കാരണം. എസ്ഡിആര്‍എഫില്‍ 558 കോടി രൂപയാണുള്ളത്. ഇതിന്റെ 50 ശതമാനമായ 279 കോടി കേന്ദ്രം അനുവദിക്കുന്ന 153.47 കോടിയില്‍നിന്നു വെട്ടിക്കുറച്ചാല്‍ ഫലത്തില്‍ ഒരു രൂപ പോലും ലഭിക്കില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വയനാട് പുനരധിവാസത്തിനു സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് പണം നല്‍കിയെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. നവംബര്‍ 13ന് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നു കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്തെഴുതിയത്. കേരളത്തിന് 2024-25 ലെ എസ്ഡിആര്‍എഫില്‍ 291.20 കോടി രൂപ വേണമെന്ന് 15ാം ധനകാര്യ കമ്മിഷനാണ് നിശ്ചയിച്ചതെന്ന് റവന്യുമന്ത്രി കെ.രാജന്‍ വ്യക്തമാക്കിയിരുന്നു. ആ തുകയോടൊപ്പം സംസ്ഥാനത്തിന്റെ 96 കോടി വിഹിതം കൂടി ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷത്തെ ബാക്കി തുകയും ഈ വര്‍ഷത്തേക്ക് നീക്കി വയ്ക്കും. അത് വയനാടിനായി അനുവദിച്ചതല്ല. സംസ്ഥാനം നേരിടുന്ന എല്ലാ ദുരിതങ്ങള്‍ക്കും ഉപയോഗിക്കാനാണ്.
അത് ചെലവഴിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. വീട് തകര്‍ന്നതിന് പരമാവധി 1,30,000 രൂപയാണ് സഹായം നല്‍കാന്‍ കഴിയുക. എസ്ഡിആര്‍എഫിലെ പണമെടുത്ത് മാനദണ്ഡങ്ങള്‍ മറികടന്ന് ചൂരല്‍മലയിലെ പുനരധിവാസത്തിന് ചെലവഴിക്കാമെന്ന് രേഖാമൂലം ഉത്തരവിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറുണ്ടോ എന്നും മന്ത്രി ചോദിച്ചിരുന്നു. സിക്കിം, ഹിമാചല്‍, കര്‍ണാടക, തമിഴ്നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അധിക സഹായം എന്തുകൊണ്ടാണ് കേരളത്തിനു നല്‍കാന്‍ തയാറാകാത്തതെന്ന് ഹൈക്കോടതിയും കേന്ദ്രത്തോടു ചോദിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കണക്കിലെ കളികളും രാഷ്ട്രീയ താല്‍പര്യങ്ങളും അവസാനിച്ച് പുനരധിവാസത്തിന് ആവശ്യമായ ധനസഹായം ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ഉരുള്‍ സര്‍വതും തകര്‍ത്തെറിഞ്ഞ ചൂരല്‍മല, മുണ്ടക്കൈ മേഖലയിലെ സാധാരണക്കാര്‍.