മധുര വിതരണം, കരിമരുന്ന് പ്രയോഗം; ‘ലിജിമോൻ’ അച്ചന്‍ ഇനി കർദിനാള്, സന്തോഷത്തിന്റെ നെറുകയിൽ മാതൃഇടവക
Mail This Article
ചങ്ങനാശേരി∙ നാട്ടുകാരുടെ പ്രിയപ്പെട്ട ‘ലിജിമോൻ’ അച്ചന്‍ പൗരോഹിത്യത്തിന്റെ പടവുകൾ കയറി കർദിനാളായി സ്ഥാനമേൽക്കുന്ന നിമിഷമെത്തിയപ്പോൾ മാതൃ ഇടവകയായ മാമ്മൂട് ലൂർദ്‍ മാതാ പള്ളിയിൽ കരഘോഷം മുഴങ്ങി. സന്തോഷ സൂചകമായി മധുരപലഹാര വിതരണം നടക്കുമ്പോൾ കരിമരുന്നു പ്രയോഗം ആകാശത്ത് വിവിധ വർണങ്ങൾ നിറച്ചു. മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പള്ളിയിലെത്തിയിരുന്നു.
‘‘ഒത്തിരി സന്തോഷം. പ്രതീക്ഷിച്ച നിമിഷം വന്നെത്തി’’–സഹോദരി ലിറ്റി പറഞ്ഞു. ‘‘അഭിമാന നിമിഷം. ദൈവത്തിന്റെ വലിയ നിയോഗം അദ്ദേഹത്തിനുണ്ട്. വൈദികനിൽനിന്ന് പെട്ടെന്ന് കർദിനാളായി മാറി. ചങ്ങാനാശേരിക്ക് അനുഗ്രഹ നിമിഷം. സന്തോഷത്തിന്റെ വർഷം’’–ഇടവകാംഗത്തിന്റെ പ്രതികരണം ഇങ്ങനെ. ജേക്കബ്– ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളായി 1973 ഓഗസ്റ്റ് 11നു മാർ ജോർജ് ജേക്കബ് കൂവക്കാട് ജനിച്ചു. ഇളയ സഹോദരൻ റ്റിജി ജേക്കബ് കോഴിക്കോട്ടാണ്. സഹോദരി ലിറ്റിയും കുടുംബവുമാണു വീട്ടിൽ മാതാപിതാക്കൾക്കൊപ്പമുള്ളത്.
എസ്ബി കോളജിൽ കെമിസ്ട്രി ബിരുദം പൂർത്തിയാക്കിയ ശേഷം 1995ൽ ആണു മാർ ജോർജ് ജേക്കബ് കൂവക്കാട് കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നത്. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിലായി വൈദികപഠനം നടത്തി. ബിരുദം ഉണ്ടായിരുന്നതിനാൽ എട്ടരവർഷം കൊണ്ട് അജപാലന ദൗത്യത്തിന്റെ ആദ്യപടി ചവിട്ടാനായി. 2004ൽ വൈദികനായി. റോമിൽനിന്ന് കാനൻ നിയമത്തിൽ പിഎച്ച്ഡിയും നേടി. പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്. പൗരോഹിത്യത്തിന്റെ 20–ാം വർഷം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
മലയാളത്തിനു പുറമേ സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ് ഭാഷകളും ജോർജ് ജേക്കബ് കൂവക്കാടിനു വഴങ്ങും. വത്തിക്കാൻ നയതന്ത്ര സർവീസിൽ കയറിയശേഷം അൽജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാൻ, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ അപ്പോസ്തലിക് നുൺഷ്യോയുടെ സെക്രട്ടറിയായിരുന്നു. എസ്ബിയിലെ പഠനകാലത്ത് കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. മാർ ജോർജ് ജേക്കബ് കൂവക്കാടിനെ പൗരോഹിത്യത്തിലേക്ക് ഉയർത്തിയതും വഴികാട്ടിയായതും കാലം ചെയ്ത ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലാണ്. കർദിനാൾ മാർ ആന്റണി പടിയറ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരാണു മാർ ജോർജ് ജേക്കബ് കൂവക്കാടിനു മുൻപേ കർദിനാൾ പദവിയിലെത്തിയ ചങ്ങനാശേരി അതിരൂപതാംഗങ്ങൾ.