ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി: മാന്നാര്‍ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി
Mail This Article
മാവേലിക്കര∙ മാന്നാര്‍ ജയന്തി വധക്കേസില്‍ ഭർത്താവിനു വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ (39) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവായ കുട്ടിക്കൃഷ്ണനെ (60) ആണു വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി.ശ്രീദേവിയാണു ശിക്ഷ വിധിച്ചത്.
2004 ഏപ്രില്‍ രണ്ടിന് പകല്‍ മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍ വച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തല അറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണൻ മാന്നാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി.സന്തോഷ്‌കുമാര്‍ ഹാജരായി.