‘എത്രയും പെട്ടെന്ന് സിറിയ വിടുക’: ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; കടുത്ത ജാഗ്രത
Mail This Article
ന്യൂഡൽഹി∙ ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. ലഭ്യമാകുന്ന വിമാനങ്ങളിൽ ഇന്ത്യക്കാർ എത്രയും വേഗം തിരികെയെത്തണം. അതിന് കഴിയാത്തവർ കടുത്ത ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്. +963993385973 എന്ന നമ്പറിലും hoc.damascus@mea.gov.in എന്ന ഇമൈയിലിലും ഡമാസ്കസിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം.
സിറിയയിൽ ബഷാർ അൽ അസദ് സർക്കാരും വിമതരും തമ്മിൽ പോരാട്ടം ശക്തമായതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സിറിയൻ സർക്കാരിനെതിരെ താഴെയിറക്കാൻ ലക്ഷ്യമിട്ട് തുർക്കിയുടെ പിന്തുണയോടെയാണ് വിമതർ പോരാട്ടം തുടരുന്നത്. നവംബർ 27 മുതൽ ഇതുവരെ 3.70 ലക്ഷത്തിലേറെപ്പേർ സിറിയയിൽ നിന്ന് പലായനം ചെയ്തു. 14 വർഷമായി ആഭ്യന്തരയുദ്ധത്തിലാണ് സിറിയ.
∙ വിമതർ ഹുംസ് നഗരത്തിന് അരികെ
അമ്മാൻ ∙ സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ എതിർക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്‌ടിഎസ്) നേതൃത്വത്തിലുള്ള വിമതർ രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹുംസിനടുത്തെത്തി. അലപ്പോ, ഹമ പ്രവിശ്യകൾ പിടിച്ചതിനു പിന്നാലെയാണിത്. നഗരകേന്ദ്രത്തിന് 5 കിലോമീറ്റർ അകലെയുള്ള തൽബിസ്, റസ്താൻ പ്രദേശങ്ങൾ എച്ച്ടിഎസിന്റെ നിയന്ത്രണത്തിലായി. വിമതരുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാനായി റസ്താനിലെ പാലം അസദ് അനുകൂല റഷ്യൻ സേന ബോംബിട്ടു തകർത്തു. ഹമയെ ഹുംസുമായി ബന്ധിപ്പിക്കുന്ന പാല മാണിത്.
തലസ്ഥാനമായ ഡമാസ്കസ്, അസദിന്റെ ശക്തികേന്ദ്രമായ തീരനഗരങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന മേഖലയാണ് ഹുംസ്. വിമത മുന്നേറ്റങ്ങളെ ഭയന്ന് ആയിരക്കണക്കിന് ആളുകൾ ലറ്റാക്കിയ, ടാർട്ടസ് തുടങ്ങിയ സർക്കാർ അനുകൂല നഗരങ്ങളിലേക്കു പലായനം ചെയ്തു. അതിനിടെ, ലബനനിൽനിന്ന് ഹിസ്ബുല്ല അസദിനു പിന്തുണയുമായി ഹുംസിലേക്കു സൈന്യത്തെ അയച്ചു.