‘ഇവിഎം കൊണ്ട് ജനാധിപത്യത്തെ കൊലപ്പെടുത്തി’: സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് മഹാ വികാസ് അഘാഡി എംഎൽഎമാർ
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിൽ ഭരണത്തിലെത്തിയ മഹായുതി സഖ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയാണ് വിജയം കരസ്ഥമാക്കിയതെന്ന് ആരോപിച്ച് മഹാ വികാസ് അഘാഡി സഖ്യത്തിലെ എംഎൽഎമാർ നിയമസഭാ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. സഖ്യത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച സമാജ്‌വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ അബു അസ്മിയും റൈസ് ഷെയ്ഖും സത്യപ്രതിജ്ഞ ചെയ്തു.
മഹാരാഷ്ട്ര നിയമസഭയുടെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്നാണ് ആരംഭിച്ചത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞ, നിയമസഭാ സ്പീക്കറെ തിരഞ്ഞെടുക്കൽ, വിശ്വാസ വോട്ടെടുപ്പ്, തുടങ്ങിയവയായിരുന്നു ആദ്യദിനത്തിലെ കാര്യപരിപാടി. ‘‘ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ഞങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിച്ചു. തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ഇച്ഛയല്ല, അത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും തീരുമാനമാണ്’’– ഉദ്ധവ് താക്കറെ പറഞ്ഞു.