തലപ്പാവും മോതിരവും അണിയിച്ച് മാർപാപ്പ; പിന്നാലെ നിയമനപത്രം ഏറ്റുവാങ്ങൽ, ഇരുപതാമനായി മാർ ജോർജ് കൂവക്കാട്
Mail This Article
വത്തിക്കാൻ∙ നിശ്ചയിച്ചതിൽ നിന്ന് അണുവിട വ്യതിചലിക്കാതെ സ്ഥാനാരോഹണ ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം വൈകിട്ട് 4ന് (ഇന്ത്യൻ സമയം രാത്രി 8.30) ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചു. കൃത്യം നാലുമണിക്കുതന്നെ മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി. തുടർന്ന് 99 വയസ്സുമുതൽ 44 വയസ്സുവരെയുള്ള 21 പേരടങ്ങിയ നിയുക്ത കർദിനാൾമാർ സംഘമായെത്തി. സംഘത്തിലെ ഏറ്റവും മുതിർന്ന കർദിനാൾ മാർപാപ്പയ്ക്ക് നന്ദി അറിയിച്ചു. തുടർന്ന് മാർപാപ്പ നിയുക്ത കർദിനാൾമാർക്കുള്ള ഉപദേശ രൂപേണയുള്ള പ്രസംഗം നടത്തി. പ്രസംഗത്തിന് ശേഷം വേദഭാഗം വായനയും നടന്നു.
സ്ഥാനാരോഹണ ചടങ്ങിൽ സ്ഥാന ചിഹ്നങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങിന് ആരംഭം കുറിച്ച് മാർപാപ്പ ഓരോരുത്തരുടേയും പേരുചൊല്ലി വിളിച്ചു. നിയുക്ത കർദിനാൾമാർ വിശ്വാസപ്രമാണം ചൊല്ലി സഭയോടും മാർപാപ്പയോടുമുള്ള വിധേയത്വം പ്രഖ്യാപിച്ചു. തുടർന്ന് ഓരോരുത്തരായി മാർപാപ്പയ്ക്ക് സമീപമെത്തി. മാർപാപ്പ അവരെ തലപ്പാവും മോതിരവും അണിയിച്ചു. മാർപാപ്പയിൽ നിന്ന് അവർ നിയമനപത്രം ഏറ്റുവാങ്ങി. ഇരുപതാമനായാണ് മാർ ജോർജ് കൂവക്കാട് എത്തിയത്. മാർപാപ്പയുടെ നിർദേശ പ്രകാരം പൗരസ്ത്യസഭയുടെ വസ്ത്രധാരണവും തൊപ്പിയുമാണ് മാർ ജോർജ് കൂവക്കാട് സ്വീകരിച്ചത്. സ്ഥാന ചിഹ്നങ്ങൾ ഏറ്റുവാങ്ങിയ ശേഷം കർദിനാൾമാർ പരസ്പരം ആശ്ലേഷിച്ച് സ്നേഹം പങ്കിട്ടു. തുടർന്ന് രണ്ടുസംഘമായി പിരിഞ്ഞ് ബന്ധുക്കളുടെ സമീപത്തേക്കുപോയി. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട്