195 വോട്ടുകൾ മാത്രം; ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനായില്ല
Mail This Article
സോൾ∙ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോലിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ പ്രമേയം പരാജയപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 195 വോട്ടുകൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് ലഭിച്ചത്.
‘‘ആകെ 195 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രമേയം പാസ്സാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. അതിനാൽ പ്രമേയത്തിന് സാധുതയില്ലെന്ന് പ്രഖ്യാപിക്കുന്നു’’– ദേശീയ അസംബ്ലി സ്പീക്കറായ വൂ വോൺ ഷിക് പ്രഖ്യാപിച്ചു.
300 അംഗങ്ങളുള്ള പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ പ്രമേയം പാസ്സാകൂ. 300 സീറ്റുകളിൽ 192 സീറ്റുകളും പ്രതിപക്ഷത്തിനുള്ള പാർലമെന്റിൽ ബിൽ പാസ്സാകണമെങ്കിൽ ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർട്ടിയുടെ 8 വോട്ടുകൾ കൂടി ലഭിക്കണം. എന്നാൽ വോട്ടെടുപ്പ് ഭരണകക്ഷി അംഗങ്ങൾ ബഹിഷ്ക്കരിച്ചിരുന്നു.
മുന്നറിയിപ്പില്ലാതെ ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചതോടെയാണ് പ്രസിഡന്റിനെതിരായ വികാരം ശക്തിപ്പെട്ടത്.
എന്നാൽ 190 എംപിമാർ എതിർത്ത് വോട്ട് ചെയ്തതോടെ യോലിന് നിയമം പിൻവലിക്കേണ്ടി വന്നു. യോലിന്റെ പാർട്ടിയിലുള്ള അംഗങ്ങളടക്കം പട്ടാളനിയമത്തെ എതിർത്ത് വോട്ടുചെയ്തിരുന്നു. പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സോളിൽ പ്രസിഡന്റിന്റെ ഓഫിസിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ് മാർച്ചുനടത്തിയത്.