ADVERTISEMENT

കൊച്ചി സ്മാർട് സിറ്റി പദ്ധതി നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ടീകോം കമ്പനി കാലതാമസം വരുത്തിയെന്ന സിഎജി റിപ്പോർട്ടും വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങിയതുമെല്ലാമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. 

കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ടീകോം കമ്പനി കാലതാമസം വരുത്തിയിരുന്നെന്നും കമ്പനിക്ക് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവെന്നും കൺട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2014ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ നോക്കുകുത്തിയാകുക ആണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കണക്കിൽ തപ്പിത്തടഞ്ഞും കോടതിയുടെ രൂക്ഷവിമർശനമേറ്റു വാങ്ങിയും സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസ്സിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി.

ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി, മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. 

ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ, സർക്കാർ തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാധ്യമപ്രവർത്തകരുടെ അപ്പീലിൽ ഇന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടത്.

എഡിഎം നവീൻ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംശയകരമായ പരുക്കുകളോ മുറിവുകളോ ദേഹത്തില്ല. ആന്തരികാവയവങ്ങളിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഇന്നലെ കോടതിയിൽ നൽകിയ സത്യവാങ്മൂലം കുടുംബം തള്ളി. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയതിനുശേഷമാണ് ബന്ധുക്കളെ അറിയിക്കുന്നതെന്നും പരിയാരത്ത് പോസ്റ്റ്‌മോർട്ടം നടത്തരുതെന്നും കോഴിക്കോട് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനിൽ പി.നായർ പറഞ്ഞു. 

English Summary:

Today's Recap-07-12-24: CAG report on Kochi Smart City delays, Court criticizes the government on Wayanad relief funds & Dileep's Sabarimala visit, plus updates on the Hema Committee report and Naveen Babu's case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com