ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണന നല്‍കിയെന്ന ആക്ഷേപത്തില്‍ 4 ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്. ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. കുറച്ചു നേരത്തേക്കു ദര്‍ശനം തടസ്സപ്പെട്ടെന്ന് വിജിലന്‍സ് കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, എക്സിക്യൂട്ടിവ് ഓഫിസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടിസ്. 

ദിലീപിന്റെ വിഐപി ദർശനത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. ഹരിവരാസന സമയത്ത് മറ്റുള്ളവർക്കു ദർശനം വേണ്ടേ എന്നു ചോദിച്ച കോടതി ദിലീപ് നിന്നതുകൊണ്ട് ആർക്കും മുന്നോട്ടു പോകാനായില്ലെന്നു വിമർശിച്ചു. കാര്യങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും കോടതി ഓർമിപ്പിച്ചു.

ശ്രീകോവിലിനു മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്കു ദർശനം സാധിക്കില്ല. ഇത് അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ടു പോകാനായില്ല. ഹരിവരാസന സമയത്തു പരമാവധി ഭക്തര്‍ക്കു ദര്‍ശനം നല്‍കാനാണു ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിനു മതിയായ സൗകര്യം ലഭിക്കണം. ഇക്കാര്യം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. 

സോപാനത്തെ സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി ഹാജരാക്കാൻ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. വിഷയം തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. അന്നു വിശദമായ സത്യവാങ്മൂലം നൽകാനും ദേവസ്വം ബോർഡിന് നിർദ്ദേശമുണ്ട്

English Summary:

Dileep gets VIP treatment in Sabarimala: Dileep allegedly received VIP treatment at Sabarimala temple, leading to criticism and an investigation. Devaswom Board employees get notice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com