അഭിമാനം, സന്തോഷം: മാർപാപ്പയ്ക്കൊപ്പം ദിവ്യബലി അർപ്പിച്ച് മാർ ജോർജ് ജേക്കബ് കൂവക്കാട്
Mail This Article
വത്തിക്കാൻ∙ മാർ ജോർജ് ജേക്കബ് കൂവക്കാട് ഉൾപ്പെടെയുള്ള പുതിയ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാനയിൽ പങ്കെടുത്തു. ആർച്ച് ബിഷപ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരായി. ഇന്നു രാവിലെ 9.30നാണ് (ഇന്ത്യൻ സമയം 2 മണി) കുർബാന ആരംഭിച്ചത്.
വൈദികനായിരിക്കെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഭാരതത്തിലെ ആദ്യത്തെയാളാണ് മാർ ജേക്കബ് കൂവക്കാട്. മാർപാപ്പയുടെ തന്നെ നിർദേശം അനുസരിച്ച് പൗരസ്ത്യ രീതിയിലുള്ള തലപ്പാവും വസ്ത്രവും അണിഞ്ഞാണ് അദ്ദേഹം ഇന്നലെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുത്തത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ പ്രത്യേക സംഘവും ചങ്ങനാശേരി അതിരൂപതയിൽ നിന്നുള്ളവരും പങ്കെടുത്തു.