‘പരമ്പരാഗത വസ്ത്രം ധരിച്ചതിന് ആക്രമിച്ചു’: ചിന്മയ് കൃഷ്ണദാസിനും അനുയായികൾക്കുമെതിരെ കേസ്
Mail This Article
ധാക്ക∙ ബംഗ്ലദേശിലെ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെതിരെയും നൂറുകണക്കിന് അനുയായികൾക്ക് എതിരെയും കേസെടുത്തു പൊലീസ്. ഹെഫാസത്ത്-ഇ-ഇസ്‍ലാം പ്രവർത്തകനായ ഇനാമുൽ ഹഖ് എന്നയാളുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ചിന്മയ് കൃഷ്ണദാസിനെ മുഖ്യപ്രതിയായും തിരിച്ചറിഞ്ഞ 164 പേരെയും തിരിച്ചറിയാത്ത 500 പേരെയും പൊലീസ് പ്രതിചേർത്തതായി ബംഗ്ലദേശ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
പരമ്പരാഗത വസ്ത്രം ധരിച്ചതിന് നവംബർ 26ന് ചിറ്റഗോങ് കോടതി പരിസരത്തുവച്ച് തന്നെ ചിന്മയ് കൃഷ്ണദാസിന്റെ അനുയായികള്‍ ആക്രമിച്ചെന്നാണ് ഇനാമുൽ ഹഖിന്റെ ആരോപണം. ആക്രമണത്തിൽ വലത് കൈ ഒടിയുകയും തലയ്ക്കു പരുക്കേൽക്കുകയും ചെയ്തതായി ഇനാമുൽ ഹഖ് പറയുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാലാണ് പരാതി നൽകുന്നത് വൈകിയതെന്നും ഹഖ് പറഞ്ഞു.
ദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ നവംബർ 27ന് കോട്ടിവാലി പൊലീസ് സ്റ്റേഷനിൽ നിരവധി പേർക്ക് എതിരെ മൂന്ന് കേസുകള്‍ റജിസ്റ്റർ ചെയ്തിരുന്നു. ഡിസംബർ മൂന്നിന് മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ 25ന് ധാക്കയിലെ ഹസ്റത്ത് ഷഹജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിനു പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റിയതോടെ ദാസ് കസ്റ്റഡിയിൽ തുടരുകയാണ്. ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഓഗസ്റ്റിൽ അധികാരത്തിൽ വന്നതോടെ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.