തർക്കം ചർച്ചയിലൂടെ പരിഹരിക്കാനായില്ലെന്ന് മധ്യസ്ഥൻ; എം.എം.ലോറൻസിന്റെ മൃതദേഹം രണ്ടരമാസമായി മോർച്ചറിയിൽ
Mail This Article
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിച്ചില്ലെന്ന് മധ്യസ്ഥന്‍ കോടതിയെ അറിയിച്ചു. കുടുംബവുമായി ചര്‍ച്ച നടത്തിയെന്നും എന്നാൽ ഒത്തുതീര്‍പ്പിലെത്താൻ സാധിച്ചില്ലെന്നുമുള്ള റിപ്പോർട്ട് മധ്യസ്ഥനായി പ്രവർത്തിച്ച മുതിർന്ന അഭിഭാഷകൻ എന്‍.എൻ.സുഗുണപാലന്‍ ഹൈക്കോടതിയില്‍ നൽകി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു മാറ്റി.
മരിച്ചയാളോട് അൽപ്പമെങ്കിലും ആദരവ് കാണിക്കണമെന്നും തര്‍ക്കങ്ങൾ കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കാൻ ശ്രമിക്കൂ എന്നും വ്യക്തമാക്കിയാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാൻ നിർദേശിച്ചത്. തുടർന്നാണ് കുടുംബം മുതിർന്ന അഭിഭാഷകൻ എൻ.എൻ.സുഗുണപാലനെ മധ്യസ്ഥനായി നിശ്ചയിച്ചത്. മക്കൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചില്ലെന്ന് ഇന്ന് മധ്യസ്ഥൻ അറിയിച്ചതോടെ തീരുമാനം വീണ്ടും കോടതിയുടെ പരിഗണനയിലായി. സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ അപ്പീലാണ് കോടതി മുമ്പാകെയുള്ളത്. മറ്റൊരു മകൾ സുജാത ബോബനും ഹർജി സമർപ്പിച്ചിട്ടുണ്ട്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാൻ നേരത്തേ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. തർക്കം പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ ശരിയായ രീതിയിലല്ല സമിതി തങ്ങളെ കേട്ടത് എന്നു കാട്ടി ആശ ലോറൻസ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ സമീപിക്കേണ്ടത് സിവിൽ കോടതിയെയാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചിരുന്നു.