ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: മനീഷ് സിസോദിയ ഉൾപ്പെടെ 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് എഎപി
Mail This Article
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മനീഷ് സിസോദിയ അടക്കം 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. നേരത്തേ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയിൽ നിന്നാണ് സിസോദിയ മത്സരിക്കുന്നത്.
ഭരണവിരുദ്ധ വികാരവും ചില നിയമസഭാംഗങ്ങൾക്കെതിരായ ‘പൊതുരോഷവും’ കണക്കിലെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിലൊന്നു സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിക്കാൻ ആംആദ്മി പാർട്ടി (എഎപി) തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗ്രൗണ്ട് സർവേകളുടെ അടിസ്ഥാനത്തിലാണ് അഴിച്ചുപണി. കഴിഞ്ഞ മാസം പുറത്തിറക്കിയ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് 3 സിറ്റിങ് നിയമസഭാംഗങ്ങളെ ഒഴിവാക്കിയിരുന്നു.
സമീപകാലത്ത് കോൺഗ്രസ്, ബിജെപി പാർട്ടികളിൽനിന്ന് എഎപിയിലെത്തിയ 6 നേതാക്കൾ ആദ്യ പട്ടികയിലുണ്ടായിരുന്നു. മുൻ കോൺഗ്രസ് നേതാക്കളായ ചൗധരി സുബൈർ അഹമ്മദ്, വീർ ദിംഗൻ, സുമേഷ് ഷോക്കീൻ എന്നിവരും മുൻ ബിജെപി നേതാക്കളായ ബ്രഹ്മ് സിങ് തൻവാർ, അനിൽ ഝാ, ബിബി ത്യാഗി എന്നിവരുമാണ് ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത്.
കേജ്‌രിവാൾ ജനസമ്മതൻ
മദ്യനയ അഴിമതിയിലെ സിബിഐ, ഇ.ഡി അന്വേഷണങ്ങൾ, ജയിൽവാസം തുടങ്ങിയവയുണ്ടായെങ്കിലും 65% ജനങ്ങൾക്കും അരവിന്ദ് കേജ്‌രിവാൾ സമ്മതനാണെന്നാണ് എഎപിയുടെ സർവേഫലം. സംസ്ഥാനത്തെ 99% ജനങ്ങളും തങ്ങളുടെ ക്ഷേമപദ്ധതികളായ സൗജന്യ വൈദ്യുതി, ജല സബ്സിഡി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നിവയെ പിന്തുണയ്ക്കുന്നുണ്ടെന്നും എഎപി അവകാശപ്പെടുന്നു. കൂടാതെ, അധോലോക കുടിപ്പകയും വെടിവയ്പുകളും സ്‌ഫോടനങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്നതിനെതിരെ തിരഞ്ഞെടുപ്പ പ്രചാരണത്തിൽ ശബ്ദമുയർത്തുമെന്നും പാർട്ടി വ്യക്തമാക്കി.
നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കുമെന്നതിനാൽ, 70 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്നാണ് സൂചന. 2020ലെ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62ലും എഎപിക്കായിരുന്നു വിജയം. വൻ വിജയം നേടി പാർട്ടി മൂന്നാം തവണയും കേജ്‌രിവാളിനെ തന്നെ മുഖ്യമന്ത്രിയാക്കിയിരുന്നു