‘മോദിയും അദാനിയും ഒന്നാണ്, ഞങ്ങൾക്ക് നീതി വേണം’; പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞു
Mail This Article
ന്യൂഡൽഹി∙ ഭരണ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ രാജ്യസഭ നടപടികൾ ആരംഭിച്ചതു മുതൽ ശക്തമായ പ്രതിഷേധമാണ് തുടങ്ങിയിരുന്നു. ജോർജ് സോറോസ് – കോൺഗ്രസ് ബന്ധം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശൂന്യവേളയിൽ ബിജെപി എംപിമാർ എഴുന്നേറ്റു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് ഇതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം.
എന്നാൽ ചർച്ചയ്ക്കായി അദാനിക്കെതിരായ കുറ്റാരോപണം ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ പ്രതിപക്ഷവും മുന്നോട്ടുവച്ചിട്ടുണ്ടെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. എന്നിട്ടും എന്താണു ശൂന്യവേളയിൽ ബിജെപി എംപിമാരെ ഇത്തരം വിഷയങ്ങൾ മാത്രം ഉന്നയിക്കാൻ അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തുടർന്ന് ശക്തമായ പ്രതിഷേധം ഇരുഭാഗത്തുനിന്നും ഉയർന്നു. അദാനി വിഷയം അട്ടിമറിക്കുന്നതിനുള്ള ശ്രമമാണു ഭരണപക്ഷ എംപിമാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇതോടെ 12 മണിവരെ സഭ നിർത്തിവച്ചു. തുടർന്നു ഇരുസഭകളും 2 തവണ പുനരാരംഭിച്ചെങ്കിലും ഇതേ വിഷയങ്ങൾ ഉയർത്തി ബഹളം തുടങ്ങിയതോടെ മൂന്നുമണി വരെ നിർത്തിവയ്ക്കുകയായിരുന്നു. പിന്നീടും ബഹളം തുടർന്നതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 11ന് ഇരുസഭകളും വീണ്ടും ചേരും.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം അദാനിയുടെയും മുഖംമൂടി അണിഞ്ഞ് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ എത്തിയിരുന്നു. അദാനിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ‘മോദിയും അദാനിയും ഒന്നാണ്, ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യവും പ്രതിപക്ഷം മുഴക്കി. മോദിയുടെയും അദാനിയുടെയും മുഖംമൂടി അണിഞ്ഞാണു കോൺഗ്രസ് എംപിമാർ എത്തിയത്. അദാനിക്കെതിരായ കൈക്കൂലി ആരോപണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു ശീതകാല സമ്മേളനം ആരംഭിച്ചതു മുതൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്.