ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയത്തിനു നീക്കം; ഒപ്പിട്ട് 70 പ്രതിപക്ഷ എംപിമാർ
Mail This Article
ന്യൂഡൽഹി∙ രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഇന്ത്യ സഖ്യത്തിലെ 70 എംപിമാർ ഇതിനോടകം പ്രമേയത്തിൽ ഒപ്പിട്ടതായാണു വിവരം. രാജ്യസഭ നടപടികൾ കൈകാര്യം ചെയ്യുന്നതിൽ ധൻകറിനെതിരെ പ്രതിപക്ഷ നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിയാണ് ഈ നീക്കത്തിനു പിന്നിൽ.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, തുടങ്ങിയ പാർട്ടികൾ പ്രമേയവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണു നൽകുന്നത്. പ്രതിപക്ഷ എംപിമാരുടെ പ്രസംഗങ്ങൾ ഇടയ്ക്കിടെ തടസപ്പെടുത്തുകയും നിർണായക വിഷയങ്ങളിൽ മതിയായ സംവാദം അനുവദിക്കാതിരിക്കുകയും തർക്ക ചർച്ചകളിൽ ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുകയും ചെയ്യുന്നുവെന്നാണു ധൻകറിനെതിരായ ആരോപണം.
രാജ്യസഭാ ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം പ്രതിപക്ഷം ആലോചിക്കുന്നതായി ഈ വർഷം ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ, രാജ്യസഭയിൽ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സമയം കുറയുന്നതു സംബന്ധിച്ചു പ്രതിപക്ഷ എംപിമാർ അന്നും ആശങ്ക ഉന്നയിച്ചതാണ്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയുടെ പ്രസംഗങ്ങൾ തടസപ്പെടുത്തുന്നതാണു പ്രധാന തർക്ക വിഷയം. ഖർഗെയുടെ മൈക്ക് ഒന്നിലധികം തവണ ഓഫാക്കിയതും വിവാദങ്ങൾക്കു വഴിവച്ചിരുന്നു.