ന്യൂനപക്ഷത്തിനെതിരെ ആക്രമണം: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ; ആശങ്ക അറിയിക്കും
Mail This Article
ധാക്ക/ കൊൽക്കത്ത∙ ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ധാക്കയിലെത്തി. ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ നേൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിനു പിന്നാലെയുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി ജഷിം ഉദിനുമായി വിക്രം മിശ്രി ചർച്ചകൾ നടത്തും.
ഓഗസ്റ്റ് 8ന് ഇടക്കാല സർക്കാർ ചുമതലയേറ്റ ശേഷം ബംഗ്ലദേശ് സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനാണ് മിശ്രി. ബംഗ്ലദേശിലെ താൽക്കാലിക സർക്കാരിൽ വിദേശകാര്യ മന്ത്രിയുടെ ചുമതലയുള്ള തൗഹിദ് ഹുസൈനുമായും അദ്ദേഹം ചർച്ച നടത്തും. ഇരു രാജ്യങ്ങളുടെയും ബന്ധത്തിലുണ്ടായ ഇടർച്ച പരിഹരിക്കാൻ മിശ്രിയുടെ സന്ദർശനത്തിനു കഴിയുമെന്ന് തൗഹിദ് ഹുസൈൻ വ്യക്തമാക്കി. 12 മണിക്കൂർ നീളുന്ന സന്ദർശനത്തിനിടെ മിശ്രി ഇടക്കാല സർക്കാരിനു നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസിനെയും സന്ദർശിക്കുമെന്നാണ് വിവരം.