‘യാക്കോബായ സഭ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു; ശ്രേഷ്ഠ ബാവായുടെ പിൻഗാമിയെ ഉടൻ വാഴിക്കും’
Mail This Article
പുത്തൻകുരിശ് ∙ യാക്കോബായ സുറിയാനി സഭ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ പിൻഗാമിയെ ഉടൻ വാഴിക്കുമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–ാം ഒാർമദിന ചടങ്ങുകളിൽ സംബന്ധിച്ച ശേഷം അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാ വിശ്വാസികൾ മാത്രമല്ല, വിവിധ ക്രൈസ്തവ സഭകളുടെയും ഹിന്ദു, മുസ്‍ലിം അടക്കം സകല മതവിഭാഗങ്ങളുടെയും ഹൃദയത്തിൽ ജീവിക്കുന്നയാളാണ് ശ്രേഷ്ഠ ബാവായെന്ന് അദ്ദേഹം പറഞ്ഞു. അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അന്ത്യോഖ്യാ സിംഹാസനത്തെ മറക്കരുതെന്നും അകന്നു പോകരുതെന്നും തന്റെ വിൽപത്രത്തിൽ പോലും ശ്രേഷ്ഠ ബാവാ രേഖപ്പെടുത്തിയിരുന്നു എന്നും പാത്രിയർക്കീസ് ബാവാ ചൂണ്ടിക്കാട്ടി.
തോമസ് പ്രഥമൻ ബാവായുടെ പിൻഗാമിയായി സഭയെ നയിക്കാനുള്ള കഴിവും നേതൃഗുണവും ജോസഫ് മാർ ഗ്രിഗോറിയോസിന് ഉണ്ടെന്ന് പാത്രിയർക്കീസ് ബാവാ പറഞ്ഞു. നിയമപരമായും സാമ്പത്തികമായും ആധ്യാത്മികമായും സാമൂഹികമായും പ്രതിസന്ധികളിലൂടെയാണ് സഭ കടന്നുപോകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ ജോസഫ് മാർ ഗ്രിഗോറിയാസിന്റെ നേതൃത്വത്തിന് കഴിയും. സഹിഷ്ണുതയുടെ നാടാണ് ഭാരതം. വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും സ്വാഗതം ചെയ്ത നാട്. കഴിഞ്ഞ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞിരുന്നു. ആ സംസ്കാരം തുടരണം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം സർക്കാരുകളുടെ നയമായി കാണരുത് എന്നും പാത്രിയർക്കീസ് ബാവാ പറഞ്ഞു. ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചിച്ച പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു.
യാക്കോബായ സഭയുടെ അസ്തിത്വം നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിനും പാത്രിയർക്കീസ് ബാവാ നന്ദി അറിയിച്ചു. നീതി നിഷേധിക്കപ്പെട്ട സഭയ്ക്കു ശാശ്വതമായ സമാധാനത്തിനു വേണ്ടി മുഖ്യമന്ത്രി ഇനിയും പ്രവർത്തിക്കണമെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും പാത്രിയർക്കീസ് ബാവാ പറഞ്ഞു. യാക്കോബായ സഭ കമാൻഡർ പദവി നൽകി ആദരിച്ചിട്ടുള്ള ലുലു ഗ്രൂപ്പ് ചെയർമാന്‍ എം.എ.യൂസഫലിയും ജനപ്രതിനിധികളും അടക്കം വലിയ ജനാവലിയാണ് ശ്രേഷ്ഠ ബാവായുടെ 40ാം ഓർമദിനത്തിൽ സംബന്ധിച്ചത്. അടുത്ത കാതോലിക്കായായി ജോസഫ് മാർ ഗ്രിഗോറിയാസിനെ വാഴിക്കുന്ന ചടങ്ങിലും താൻ പങ്കെടുക്കുമെന്നു പറഞ്ഞ യൂസഫലി, ശ്രേഷ്ഠ ബാവായുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ഓർമിച്ചു. സിറിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മലങ്കര സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ പാത്രിയർക്കീസ് ബാവാ നാളെ ലബനനിലേക്ക് മടങ്ങും.