ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിന്റെ കാര്യത്തില്‍ ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അമിത്ഷാ നടത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ മുണ്ടക്കൈയിലൂം ചൂരല്‍മലയിലും ഉണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് ഖേദകരമാണ്. വിശദമായ റിപ്പോര്‍ട്ട് കേരളം നല്‍കാത്തതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്നാണ് അമിത് ഷാ പറഞ്ഞത്. ഇതു വസ്തുതാവിരുദ്ധമാണ്. ഇതില്‍ നാടിന്റെ പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

‘‘വയനാട് വിഷയത്തില്‍ ആദ്യമായല്ല ആഭ്യന്തരമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുന്‍പ് അദ്ദേഹം ശ്രമിച്ചു. കേന്ദ്രം കൃത്യമായ മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തത് എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത്. അങ്ങനെ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല എന്ന് തെളിവു സഹിതം വ്യക്തമാക്കപ്പെട്ടു. അതിന്റെ ആവര്‍ത്തനമായി വേണം കഴിഞ്ഞദിവസത്തെ പ്രസ്താവനയും കാണാന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10നാണ് ദുരന്തമേഖലയില്‍ എത്തിയത്. കേന്ദ്രസംഘത്തിനു മുന്നിലും പ്രധാനമന്ത്രിക്കു മുന്നിലും കേരളത്തിന്റെ ആവശ്യം അറിയിച്ചിരുന്നു. ഓഗസ്റ്റ് 17-ന് കേരളം കേന്ദ്രത്തിനു നിവേദനം നല്‍കി. 1202 കോടി രൂപയുടെ പ്രാഥമിക സഹായം ആണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസമായി. മെമ്മോറാണ്ടം നല്‍കിയിട്ട് മൂന്നു മാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ മറ്റു പല സംസ്ഥാനങ്ങള്‍ക്കും  സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായം ആയി ഒരു രൂപ പോലും കേരളത്തിനു നല്‍കിയിട്ടില്ല.

നേരത്തേ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് നടത്തുകയും വിശദമായ 583 പേജുള്ള റിപ്പോര്‍ട്ട് നവംബര്‍ 13ന് കേന്ദ്രത്തിനു നല്‍കുകയും ചെയ്തു. ഈ പ്രക്രിയയ്ക്ക് എടുക്കുന്ന സ്വാഭാവികമായ കാലതാമസമാണ് മൂന്നുമാസം’’ – മുഖ്യമന്ത്രി പറഞ്ഞു.

2023 ഒക്‌ടോബറില്‍ സിക്കിമിലും 2023 ജനുവരിയില്‍ ഉത്തരാഖണ്ഡിലും 2023 ജൂലൈയില്‍ ഹിമാചലിലും ദുരന്തം ഉണ്ടായപ്പോള്‍ പിഡിഎന്‍എ തയാറാക്കിയത് മൂന്നു മാസം കഴിഞ്ഞാണ്. സമര്‍പ്പിച്ച മെമ്മോറാണ്ട പ്രകാരം അടിയന്തര സഹായം നല്‍കിയില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. ആ ആക്ഷേപത്തെ മറികടക്കാനാണ് പിഡിഎന്‍എ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന വാദം കേന്ദ്രം ഉന്നയിക്കുന്നത്. പിഡിഎന്‍എയില്‍നിന്ന് പുനര്‍നിര്‍മാണ ഫണ്ടാണ് കേരളം ആവശ്യപ്പെടുന്നത്. ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വയനാടിന്റെ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോള്‍ വളരെ വേഗത്തിലാണ് സഹായം ലഭ്യമാക്കിയത്. അതേ കേന്ദ്രസര്‍ക്കാരാണ് കേരളത്തോട് അവഗണന കാണിക്കുന്നത്. 

കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പ്രധാനമായും 3 കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തെ തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇത്തരത്തില്‍ പ്രഖ്യാപിച്ചാല്‍ വിവിധ രാജ്യാന്തര സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ തുക കണ്ടെത്താന്‍ ശ്രമിക്കാം. ദുരന്തബാധിതരുടെ കടം എഴുതിത്തളളണമെന്നും ആവശ്യപ്പെട്ടു. അടിയന്തരസഹായം അനുവദിക്കണമെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഈ മൂന്ന് ആവശ്യങ്ങളോടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല. ദുരന്തഘട്ടത്തില്‍ 588.95 കോടി രൂപയാണ് എസ്ഡിആര്‍എഫില്‍ ബാക്കി ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളിതു വരെ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തിവച്ച നയത്തിന് വിരുദ്ധമാണ് കേന്ദ്ര തീരുമാനം. ഒറ്റത്തവണ സഹായമായാണ് വിജിഎഫ് നല്‍കേണ്ടത്. അതു വായ്പ ആയല്ല. സംസ്ഥാനവും കേന്ദ്രവും സംയുക്തമായി വിജിഎഫ് നല്‍കാന്‍ തീരുമാനിച്ചതാണ്. കേന്ദ്രവിഹിതം 817.80 കോടി രൂപയും സംസ്ഥാന വിഹിതം 817.20 കോടി രൂപയും ആണ്. സംസ്ഥാനം അദാനി കമ്പനിക്കും കേന്ദ്രം വിസിലിനുമാണ് പണം നല്‍കുന്നത്. വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ അതിന്റെ 20 ശതമാനം കേന്ദ്രത്തിനു നല്‍കണമെന്നതാണ് വ്യവസ്ഥ. ഇപ്പോള്‍ നല്‍കുന്ന 817 കോടി രൂപയ്ക്കു പകരം 10,000 മുതല്‍ 12,000 കോടി രൂപ വരെ തിരിച്ചടയ്‌ക്കേണ്ടിവരും. കേന്ദ്രം നല്‍കുന്ന തുക വായ്പയായി പരിഗണിച്ച് പലിശസഹിതം തിരിച്ചടയ്ക്കുന്നത് സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതിനിടെ സ്മാര്‍ട് സിറ്റിയില്‍നിന്നു പിന്മാറുന്ന ടീകോമിന് നല്‍കുന്നതു നഷ്ടപരിഹാരം അല്ലെന്നും അവരുടെ 84 ശതമാനം ഓഹരിയുടെ വിലയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഇവാലുവേറ്റര്‍ ആയിരിക്കും അക്കാര്യങ്ങള്‍ തീരുമാനിക്കുക. നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കി എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് ഉപയോഗപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 246 ഏക്കര്‍ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. ഇന്‍ഫോപാര്‍ക്കില്‍ സ്ഥലപരിമിതി ഉണ്ട്. കൂടുതല്‍ കമ്പനികളെ എത്തിക്കാന്‍ 246 ഏക്കര്‍ ഏറ്റെടുക്കുന്നതിലൂടെ കഴിയും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പിന്‍മാറ്റ നയം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിന്മാറ്റ കരാറിലേക്ക് എത്തിയത് എങ്ങനെ?
സ്മാര്‍ട്ട് സിറ്റിയുടെ പ്രശ്നങ്ങളെകുറിച്ചും മുന്നോട്ടുപോക്ക് എങ്ങനെ ആവണം എന്നതിനെ സംബന്ധിച്ചും പഠിച്ച് വ്യക്തമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ധന, റവന്യൂ നിയമ, ഐ.ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കാനുമാണ് തീരുമാനമായത്.

സ്മാര്‍ട്ട് സിറ്റി ഫ്രേം വര്‍ക്ക് എഗ്രിമെന്‍റിലെ ക്ലോസ് 7.2.1 പ്രകാരം ടീകോമിന് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുപകരം ടീകോമുമായി ചര്‍ച്ച ചെയ്ത് പിന്മാറ്റനയം സംബന്ധിച്ച് അവരുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനാണ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശത്തില്‍  ഊന്നല്‍ നല്‍കിയത്. അതനുസരിച്ച് കേരള സര്‍ക്കാറിനോ നോമിനിക്കോ ടീകോമിന്‍റെ ഓഹരികള്‍ വാങ്ങാനും കരാര്‍ ബാധ്യതകളില്‍ നിന്ന് അവരെ ഒഴിവാക്കാനും സാധിക്കും.

ഫ്രെയിംവര്‍ക്ക് കരാറിലെ ക്ലോസ് 7.2.2 പ്രകാരം ഇന്‍ഡിപെന്‍ഡന്‍റ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് നല്‍കേണ്ടുന്ന ഓഹരിവില കണക്കാക്കാനും തീരുമാനിക്കുകയുണ്ടായി. ഈ നടപടിക്രമങ്ങളില്‍ കൂടിയാണ് പിന്മാറ്റ കരാര്‍ തയാറാക്കുന്ന നിലയിലേക്ക് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. 

ഓഹരിവില എന്നത് നഷ്ടപരിഹാരത്തുകയാണ് എന്ന ധാരണയിലാണ് പലരുമുള്ളത്.. ടീ കോമിന് നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ നഷ്ട പരിഹാരമല്ല എന്നതാണ് വസ്തുത. ഇന്‍ഡിപന്‍ഡന്‍റ് വാല്യൂവര്‍ ആണ് ഈ തുക തീരുമാനിക്കുന്നത്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ 84% ഓഹരിയുടെ വിലയാണ് സംസ്ഥാനം തിരികെ വാങ്ങുന്നത്. ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ലീസ് പ്രീമിയം തുകയായ 91.52 കോടിയും അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ച തുകയും നല്‍കണമെന്നാണ് ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റിലെ വ്യവസ്ഥ. ഇതെല്ലാം പരിഗണിച്ചാണ് കരാറിലെ ക്ലോസ് 7.2.2 പ്രകാരം ഇന്‍ഡിപെന്‍ഡന്‍റ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് ഓഹരിവില നല്‍കുന്നത്. ഇതല്ലാതെ പദ്ധതി നടപ്പാക്കുന്നതില്‍ ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായാല്‍ മധ്യസ്ഥ ചര്‍ച്ചവഴി പരിഹാരം കാണാനും ആര്‍ബിട്രേഷന്‍ നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ആര്‍ബിട്രേഷന്‍ നടപടികളും നിയമത്തിന്‍റെ നൂലാമാലകളും ഒഴിവാക്കി എത്രയുംവേഗം ഐടി വികസനത്തിന് ഫലപ്രദമായി ഈ ഭൂമി  വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ടീകോം ചിലവാക്കിയ ലീസ് പ്രീമിയം തുകയായ 91.52 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചിലവഴിച്ച തുകയും കണക്കാക്കി ഓഹരിവില നല്‍കാവുന്നതാണ് എന്ന് ഫ്രെയിം വര്‍ക്ക് കരാറിന്‍റെ 19ാം പേജില്‍ വ്യക്തമാക്കുന്നുണ്ട്. പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ടീകോമിന് തുക നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലായെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ടീകോമിന് നഷ്ടപരിഹാരമല്ല നല്‍കുന്നതെന്ന് ഇവിടെ അടിവരയിട്ടു സൂചിപ്പിക്കുകയാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തല്‍ പ്രകാരം മൂല്യനിര്‍ണയം നടത്തുകയും മടക്കിനല്‍കാന്‍ കഴിയുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വഴി തീരുമാനമെടുക്കുകയും ചെയ്യും. ഇതാണ് ചെയ്യുന്നത്. 

ആര്‍ബിട്രേഷന് പോകാത്തത് എന്ത് കൊണ്ടാണ്?
പദ്ധതി നടപ്പാക്കുന്നതില്‍ ഏതെങ്കിലും ഭാഗത്ത് വീഴ്ച ഉണ്ടായാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍  മുഖേന പരിഹാരം കാണുന്നതിനും ആര്‍ബിട്രേഷന്‍ നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ബിട്രേഷന്‍ നടപടികളും നിയമത്തിന്‍റെ നൂലാമാലകളും ഒഴിവാക്കി എത്രയും വേഗം ഭൂമിയേറ്റെടുത്ത് ഐടി വികസനത്തിന് ഫലപ്രദമായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ബിട്രേഷനിലേക്ക് പോയാല്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാകുന്നത് സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് ഹാനികരമാകും.

ആര്‍ബിട്രേഷനിലേക്ക് പോയി വര്‍ഷങ്ങളോളം ഈ ഭൂമിയില്‍ ഐ ടി വികസനം സാധ്യമാകാതെയുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.  എന്നാല്‍ വസ്തുത ജനങ്ങളില്‍ നിന്നും മറച്ചു വെച്ച് തെറ്റിദ്ധാരണ പരത്താനാണ് ഒരു കൂട്ടർ  ശ്രമിക്കുന്നത്. അതിൽ നിന്ന് വിട്ടു നിൽക്കണം. കേരളത്തിന്‍റെ ഐടി വികസനത്തിന് ഉതകുംവിധത്തില്‍ ഈ ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഐടി വികസനത്തിന് ഗുണകരമാവുകയും ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുകയും ചെയ്യും.

English Summary:

Wayanad Landslide; Pinarayi Vijayan strongly criticized Union Home Minister Amit Shah for making misleading statements about the delay in central assistance for the Wayanad disaster. Vijayan refuted Shah's claim that Kerala had not submitted a detailed report, highlighting the state's efforts to secure the necessary aid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com