‘ഈ വിജയം ചരിത്രം, ചങ്ങലകള്‍ തകർത്ത് പോരാളികൾ; സിറിയ ശുദ്ധീകരിക്കപ്പെട്ടു’
Mail This Article
ഡമാസ്‍കസ്∙ സിറിയയിൽ ചരിത്ര വിജയം പ്രഖ്യാപിച്ച്, പ്രസിഡന്റ് ബഷാർ അൽ അസദിനെ വീഴ്ത്തിയ വിമത മുന്നേറ്റത്തിന്റെ സിരാകേന്ദ്രം അബു മുഹമ്മദ് അൽ ജുലാനി. സിറിയൻ തലസ്ഥാനം സർക്കാർ നിയന്ത്രണത്തിൽനിന്നു പിടിച്ചെടുത്തതിന് പിന്നാലെ ഡമാസ്‌കസിലെ ഒരു പള്ളിയിൽനിന്നാണ് എച്ച്ടിഎസ് നേതാവ് ജുലാനിയുടെ പ്രഖ്യാപനം.
‘‘സഹോദരങ്ങളേ, ഈ വിജയം ചരിത്രമാണ്. സിറിയ ഇന്ന് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. തടവറയിൽ ബന്ധിക്കപ്പെട്ടവരിൽ നിന്നാണ് ഈ പോരാട്ടം ഉടലെടുത്തത്. പോരാളികൾ അവരുടെ ചങ്ങലകള്‍ പൊട്ടിച്ചിരിക്കുന്നു. അസദിനു കീഴിൽ ‘ഇറാനിയൻ അഭിലാഷങ്ങളുടെ’ കേന്ദ്രമായി സിറിയ മാറി. വിഭാഗീയത വ്യാപകമായി.’’– ജുലാനി പറഞ്ഞു. ബഷാർ അൽ അസദ് മോസ്കോയിലേക്ക് കടന്നെന്ന വാർത്തകൾക്കു പിന്നാലെയാണു ജുലാനിയുടെ വിജയപ്രഖ്യാപനം. പള്ളിയിൽ പ്രവേശിച്ച ജുലാനിയെ മുദ്രാവാക്യം വിളികളോടെയും കരഘോഷങ്ങളോടെയും ജനങ്ങൾ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
അതിനിടെ, വിമതസേന പിടിച്ചെടുത്ത സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നതു തടയുകയാണു ലക്ഷ്യം. ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു. സുവൈദയിലെ ഖൽഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനിക കേന്ദ്രങ്ങള്‍, ഡമാസ്‌കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.