ADVERTISEMENT

ഡമാസ്‌കസ്∙ വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് രാജ്യംവിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ. മാനുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നും മാധ്യമങ്ങൾ വ്യക്തമാക്കി.  ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഓഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന നേതൃത്വം നൽകുന്ന വിമതസഖ്യം അധികാരം പിടിച്ചതോടെയാണ് 24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദ് രാജ്യം വിട്ട് മോസ്കോയിലെത്തിയത്. ഭാര്യ അസ്മയും രണ്ടു മക്കളും ഒപ്പമുണ്ട്. തലസ്ഥാന നഗരം കീഴടക്കിയതായി വിമതർ പ്രഖ്യാപിക്കുന്ന സമയം ഡമാസ്കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു.

തീരദേശമേഖല ലക്ഷ്യമാക്കി പറന്ന വിമാനം അവിടെയെത്തിയ ശേഷം എതിർദിശയിൽ തിരിഞ്ഞ് റഡാറിൽനിന്നു മറയുകയായിരുന്നു. അസദിന് റഷ്യ അഭയം നൽകുമെന്നാണ് അവിടത്തെ ഔദ്യോഗിക മാധ്യമമായ ‘ടാസ്’ പുറത്തുവിടുന്ന വിവരം.

കഴിഞ്ഞ 53 ‍വർഷമായി സിറിയയിൽ തുടരുന്ന അസദ് കുടുംബവാഴ്ചയ്ക്കാണ് അന്ത്യമായിരിക്കുന്നത്. 1971 മുതൽ രാജ്യം ഭരിച്ച ഹാഫിസ് അൽ അസദിനു ശേഷം 2000ലാണ് മകൻ ബഷാർ അൽ അസദ് പ്രസിഡന്റായത്. മേഖലയിൽ‍ അലയടിച്ച ‘അറബ് വസന്ത’ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2011ൽ സിറിയയിൽ ആരംഭിച്ച ജനാധിപത്യ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി രൂപം മാറി.

അസദ് ഭരണത്തിന്റെ അന്ത്യം ആഘോഷിച്ച് തെരുവിലിറങ്ങിയ ജനം അസദിന്റെ സ്വകാര്യവസതിയിൽ ഇരച്ചുകയറി സാധനങ്ങൾ കൊള്ളയടിച്ചു. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ വിമത സേന ഡമാസ്കസിൽ കർഫ്യൂ പ്രഖ്യാപിച്ചു. 

English Summary:

Syria President Bashar al-Assad in Russia: Following the rebel advance, Syrian President Bashar al-Assad and his family are in the Russian capital, Moscow, according to Russian media. They further stated that Russia has granted Assad and his family asylum on humanitarian grounds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com