മുൻ പൈലറ്റ് റഗീദിനും മോചനം; 43 വർഷത്തിനുശേഷം
Mail This Article
ഡമാസ്കസ് ∙ ഹമയിൽ ബോംബിട്ട് നിരപരാധികളെ കൊല്ലാനുള്ള പ്രസിഡന്റ് ഹാഫിസ് അൽ അസദിന്റെ ഉത്തരവ് അവഗണിച്ചതാണ് റഗീദ് അൽ താത്താരിയുടെ ജീവിതം മാറ്റി മറിച്ചത്. 1981ൽ 26–ാം വയസ്സിൽ ജയിലിലായ അദ്ദേഹം ഇന്നലെ പുറംലോകം കണ്ടു. സിറിയയിൽ കൂടുതൽകാലം രാഷ്ട്രീയ തടവുപുള്ളിയായി കഴിഞ്ഞ് ചരിത്രത്തിൽ ഇടം നേടിയ മുൻ വ്യോമസേനാ പൈലറ്റാണ് ജയിൽമോചനത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുന്നത്.
റഗീദ് പലരാജ്യങ്ങളിൽ ഒളിവിൽപോകാൻ ശ്രമിച്ചെങ്കിലും പൂർണഗർഭിണിയായിരുന്ന ഭാര്യയുടെ അടുത്തെത്താനുള്ള യാത്രകളിലൊന്നിൽ അറസ്റ്റിലായി. വിചാരണയില്ലാതെ ജയിലിലടച്ചു. ആ പ്രക്ഷുബ്ധകാലത്തു ജനിച്ച മകൻ വഈൽ താത്താരി ഇപ്പോൾ കാനഡയിൽ അഭയാർഥിയായി കഴിയുന്നു.
ബഷാർ അൽ അസദിനെ പുറത്താക്കിയ വിമതസേന സിറിയയിലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഭാഗമായാണ് ജയിലുകൾ തുറന്നു കൊടുത്തത്. ക്രൂരതകൾക്കു കുപ്രസിദ്ധമായ ഡമാസ്കസിലെ സെദ്‌നയ ജയിലിൽനിന്നുൾപ്പെടെ ആളുകളെ മോചിപ്പിച്ചു.