അറബ് ലോകത്ത് വീണ്ടും പ്രക്ഷോഭകാലം; പങ്കുകൊണ്ട് സിറിയയും
Mail This Article
അറബ് ലോകത്തെ അടിമുടിയുലച്ച് 2011ൽ സിറിയയിലെത്തിയ ജനാധിപത്യവാദികളുടെ പ്രക്ഷോഭം അന്ന് അസദ് ഭരണകൂടം അടിച്ചമർത്തുകയായിരുന്നു. സമാനമായ പ്രക്ഷോഭത്തിന്റെ രണ്ടാം തിരയിൽ ഇപ്പോൾ അസദ് പുറത്താക്കപ്പെട്ടു.
തുനീസിയൻ നിരത്തുകളിൽ ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റുനടന്നിരുന്ന മുഹമ്മദ് ബുഅസീസി കൊളുത്തിയ തീനാളം– 2010ൽ അറബ് ലോകത്തെ മാറ്റിമറിച്ച പ്രക്ഷോഭപരമ്പരകൾക്കു തീപ്പൊരിയായത് സ്വയം തീ കൊളുത്തി ആ യുവാവു നടത്തിയ പ്രതിഷേധമായിരുന്നു.
പൊലീസ് ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് 2010 ഡിസംബർ 17ന് ആത്മഹത്യയ്ക്കു ശ്രമിച്ച ബുഅസീസി ജനുവരി 4ന് ആശുപത്രിയിൽ മരിച്ചു. ഞെട്ടിച്ചുകളഞ്ഞ ആ യുവപ്രതിഷേധത്തിന്റെ കനലുകൾ കെട്ടുപോകാതെ തുനീസിയയിലെ ജനം ഹൃദയത്തിലേക്കു കോരിയെടുത്തു. 23 കൊല്ലം തുനീസിയ ഭരിച്ച പ്രസിഡന്റ് അബിദീൻ ബെൻ അലിയുടെ പതനമാണു പിന്നെ കണ്ടത്. അറബ് ലോകത്തെ ജനകീയ പ്രക്ഷോഭത്തിൽ ആദ്യം പുറത്തായ നേതാവ് അദ്ദേഹമായിരുന്നു.
പിന്നാലെ, ഈജിപ്തിൽ. 30 വർഷം അടക്കിവാണ പ്രസിഡന്റ് ഹുസ്നി മുബാറക് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് 2011 ജനുവരി 25ന് പ്രക്ഷോഭം ആരംഭിച്ചു. ലക്ഷങ്ങൾ നിരത്തുകൾ കയ്യേറിയതോടെ ഫെബ്രുവരി 11ന് മുബാറക് അധികാരമൊഴിഞ്ഞു.
മുസ്‌ലിം ബ്രദർഹുഡ് പിന്തുണയോടെ മുഹമ്മദ് മുർസി 2012ൽ അധികാരമേറ്റെങ്കിലും പിറ്റേവർഷം അബ്ദൽ ഫത്താ അൽ സിസി ഭരണം പിടിച്ചു. ലിബിയയായിരുന്നു അടുത്തയിടം. ഏകാധിപതി മുഅമ്മർ ഗദ്ദാഫിക്കെതിരെ പ്രതിഷേധം ആഭ്യന്തര യുദ്ധമായി; തുടർന്ന് ഫ്രഞ്ച്, ബ്രിട്ടിഷ്, യുഎസ് സൈനിക ഇടപെടലും. 2011 ഒക്ടോബർ 20ന് ഗദ്ദാഫിയിലെ ഒളിവിടത്തിൽനിന്നു പിടികൂടി പ്രക്ഷോഭകാരികൾ വധിച്ചു.
സിറിയയിൽ 2011 മാർച്ചിലാണ് പ്രതിഷേധത്തിന്റെ തീപ്പൊരി പാറിയത്. ജനാധിപത്യ പരിഷ്കാരങ്ങൾക്കുള്ള മുറവിളിയെ യാതൊരു കരുണയുമില്ലാതെ സർക്കാർ അടിച്ചമർത്തിയത് ആഭ്യന്തര യുദ്ധത്തിലേക്കു വഴിമാറി. ഈ കാലത്ത് ഐഎസ് ശക്തിപ്രാപിച്ചതും ഇറാഖിൽ സംഘർഷം പുനരാരംഭിച്ചതുമെല്ലാം മേഖലയെ പ്രക്ഷുബ്ധമാക്കി. ‘അറബ് വസന്ത’ത്തിന്റെ പ്രക്ഷുബ്ധമായ സിറിയൻ ചില്ലകൾ തല്ലിക്കൊഴിക്കാൻ ബഷാർ അൽ അസദ് കൂട്ടുപിടിച്ചത് റഷ്യയെയും ഇറാനെയും. ഇവരുടെ പിന്തുണയോടെ സിറിയൻ സേന 2015 സെപ്റ്റംബർ 30ന് പ്രക്ഷോഭകാരികൾക്കെതിരെ വ്യോമാക്രമണം തുടങ്ങി. 10 കൊല്ലം നീണ്ട പോരാട്ടത്തിൽ 3,80,000 പേർ കൊല്ലപ്പെട്ടു. അസദ് വിജയം പ്രഖ്യാപിച്ചു. 13 വർഷത്തിനു ശേഷം പുതിയ പ്രക്ഷോഭകാലത്ത് അസദിനുള്ള റഷ്യൻ, ഇറാൻ പിന്തുണ ദുർബലമായി. ആ പിൻബലമില്ലാതെയാണ് അസദ് ഇപ്പോൾ നിലംപതിച്ചത്.