ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നെന്ന് വിഡിയോ, നീതി വേണമെന്ന് പ്ലക്കാർഡ്, രാഷ്ട്രപതിക്ക് കത്ത്; യുവാവ് ജീവനൊടുക്കി
Mail This Article
ബെംഗളുരു∙ ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നതായി ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ അതുൽ സുഭാഷിനെയാണ് ബെംഗളുരുവിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനത്തെ കുറിച്ച് വിവരിച്ച് വിഡിയോ റെക്കോർഡ് ചെയ്ത ശേഷമാണ് അതുൽ ജീവനൊടുക്കിയത്. നീതി ലഭിക്കണമെന്ന് എഴുതിയ പ്ലക്കാർഡ് ഇയാളുടെ മുറിയിൽനിന്നു കണ്ടെത്തി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിമർശിച്ച് രാഷ്ട്രപതിക്കും ഇയാൾ കത്തെഴുതിയിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ ഭാര്യ, കുടുംബാംഗങ്ങൾ, ഒരു ജഡ്ജി എന്നിവർക്കെതിരെയാണ് വിഡിയോയിൽ അതുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്ന് ഇയാൾ പറയുന്നു. ഭാര്യ റജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
2019ൽ മാട്രിമോണിയൽ സൈറ്റിലൂടെയാണ് അതുൽ പങ്കാളിയെ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. പലപ്പോഴായി ഭാര്യ വീട്ടുകാർ പണം ആവശ്യപ്പെടാറുണ്ട്. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഭാര്യ പിണങ്ങി കുട്ടിയുമായി അവരുടെ വീട്ടിലേക്ക് പോയി. പിന്നീട് പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള കള്ളക്കേസുകൾ തനിക്കെതിരെ ഇവർ റജിസ്റ്റർ ചെയ്തതായി അതുൽ പറയുന്നു.
അതുൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സമ്മർദത്തിൽ യുവതിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതായാണ് യുവതി ആരോപിക്കുന്നത്. എന്നാൽ പിതാവ് ഹൃദ്രോഗ ബാധിതനായിരുന്നുവെന്ന് അതുൽ പറയുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യയും കുടുംബവും ആദ്യം ആവശ്യപ്പെട്ടത് ഒരു കോടി രൂപയായിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് 3 കോടി രൂപയാക്കി ഉയർത്തി. പിണങ്ങിപ്പോയതിന് ശേഷം കുട്ടിയെ കാണാൻ അനുവദിച്ചില്ലെന്നും അതുൽ ആരോപിക്കുന്നു.
തന്റെ വിഡിയോ എക്സിൽ പങ്കുവച്ച അതുൽ, ഇലോൺ മസ്കിനെയും ഡോണൾഡ് ട്രംപിനെയും ടാഗ് ചെയ്തിട്ടുണ്ട്. നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും താൻ മരിച്ചിരിക്കുമെന്നും ഇന്ത്യയിൽ ഇപ്പോൾ പുരുഷന്മാരുടെ നിയമപരമായ വംശഹത്യ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇയാൾ ട്വീറ്റിൽ പറയുന്നു. പുത്തൻ ആശയങ്ങളുമായി ദശലക്ഷക്കണക്കിനുപേരുടെ ജീവൻ രക്ഷിക്കണമെന്നും അതുൽ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അതുൽ മസ്കിനോടും ട്രംപിനോടും ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)