ചാണ്ടി ഉമ്മനെ അവഗണിക്കരുത്; ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം: ചെറിയാൻ ഫിലിപ്
Mail This Article
തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്ന് ചെറിയാൻ ഫിലിപ്. ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ. കോൺഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മൻ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാർട്ടിയ്ക്ക് അനുകൂലമാക്കി മാറ്റണമെന്നും ചെറിയാൻ ഫിലിപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഇല്ലാതായ എ ഗ്രൂപ്പിന്റെ പിന്തുടർച്ചാവകാശത്തെ കുറിച്ചുള്ള ചർച്ച അപ്രസക്തമാണ്. ഒരു ഗ്രൂപ്പുമില്ലാതെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി പോകണമെന്നാണ് എല്ലാ പ്രവർത്തകരുടെയും അഭിപ്രായമെന്നും ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തിയതിനു പിന്നാലെയാണ് ചെറിയാൻ ഫിലിപ് അദ്ദേഹത്തെ പിന്തുണച്ചത്. എല്ലാവർക്കും ചുമതലകൾ നൽകി, എനിക്ക് ചുമതല തന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരിഭവം.