ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. 

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അധ്യാപിക ഉപദ്രവിച്ചതെന്നാണ് എല്‍കെജിയില്‍ പഠിക്കുന്ന കുഞ്ഞ് പറഞ്ഞത്. പിതാവ് കുഞ്ഞിനെ സ്‌കൂളില്‍നിന്നു വിളിച്ചു വീട്ടിലെത്തിച്ചതിനു ശേഷം മുത്തശ്ശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് കുളിക്കാന്‍ വിസമ്മതിച്ചു കരഞ്ഞു. തുടര്‍ന്ന് മുത്തശ്ശി ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്.

മുത്തശ്ശി ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്തു നുള്ളി മുറിവേല്‍പിച്ച പാട് കാണുകയായിരുന്നു. തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മയെ വിളിച്ച് രാവിലെ കുളിപ്പിച്ചപ്പോള്‍ എന്തെങ്കിലും മുറിവ് ശ്രദ്ധിച്ചിരുന്നോ എന്നു മുത്തശ്ശി തിരക്കി. അങ്ങനെയൊന്നും കണ്ടില്ലെന്ന് അമ്മ പറഞ്ഞതോടെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. ‌

സിസിടിവി പരിശോധനയില്‍ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഇന്നു രാവിലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫോര്‍ട്ട് പൊലീസ് അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. മറ്റു തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു. ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലാണ് നാലു വയസ്സുകാരിക്കു ദുരനുഭവം ഉണ്ടായിരിക്കുന്നത്.

English Summary:

LKG student abuse: A four-year-old LKG student at School, Kallattumukku in Thiruvananthapuram has allegedly been abused by a teacher.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com