കേരളത്തിന്റെ നികുതിവിഹിതം വർധിപ്പിക്കണം: കേന്ദ്ര ധനകാര്യ കമ്മിഷനെ സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ
Mail This Article
തിരുവനന്തപുരം∙ കേരളത്തിന്റെ നികുതിവിഹിതം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യ കമ്മിഷനോട് ആവശ്യപ്പെട്ട് യുഡിഎഫ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിനുള്ള നികുതിവിഹിതം കുറഞ്ഞുവരികയാണെന്ന് ധനകാര്യ കമ്മിഷനെ കോവളത്ത് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
കഴിഞ്ഞ ധനകാര്യ കമ്മിഷന്റെ കാലത്ത് നികുതി വിഹിതം 2.5 % ആയിരുന്നത് പതിനഞ്ചാം ധനകാര്യകമ്മിഷന് വന്നപ്പോള്‍ 1.92 % ആയി കുറഞ്ഞു. സംസ്ഥാനങ്ങള്‍ക്കാകെ നല്കുന്ന നികുതി വിഹിതം ഇപ്പോള്‍ 41% ആണ്. അത് 50 ശതമാനമായി ഉയര്‍ത്തണം. ആളോഹരി വരുമാനം കൂടിയത് ഇപ്പോള്‍ കേരളത്തിന് ദോഷമാകുകയാണ്. അതിനു കൊടുത്തിരിക്കുന്ന 45% വെയിറ്റേജ് 25% ആയി കുറയ്ക്കണം. വിവിധ മേഖലകളില്‍ സെസും സര്‍ചാര്‍ജും ഏര്‍പ്പെടുത്തുന്നത് കേന്ദ്രത്തിന്റെ കൗശലമാണ്. അതg സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്നില്ല. ജിഎസ്ടി വിഹിതം മാത്രമാണ് കിട്ടുന്നത്. സംസ്ഥാനത്തിനു കൊടുക്കേണ്ട നികുതിയുടെ പൂളില്‍ സെസും സര്‍ചാര്‍ജും ഉള്‍പ്പെടുത്തണം. ജനസംഖ്യ കുറഞ്ഞതിന്റെ പേരില്‍ കേരളം ശിക്ഷിക്കപ്പെടുകയാണ്. അതു പറഞ്ഞാണ് നികുതിവിഹിതം കുറയ്ക്കുന്നത്. അതിന്റെ വെയിറ്റേജ് 10 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഐപിസിസി റിപ്പോര്‍ട്ട് പ്രകാരം കേരളം ഏറ്റവും കൂടുതല്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്തസാധ്യതയുള്ള പ്രദേശമാണ്. അതിനുള്ള പ്രത്യേക പരിഗണന നികുതി വിഹിതത്തില്‍ ഉണ്ടാകണമെന്ന ആവശ്യവും ഉന്നയിച്ചു. വനം നിലനിര്‍ത്തുന്നതിന് പ്രത്യേക പരിഗണന നല്‍കണം. പ്രാദേശികസര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കണം. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കേരളം കൂടുതല്‍ മുതല്മുടക്കുന്നതിനാല് റവന്യൂ ചെലവ് വര്‍ധിക്കുന്നുണ്ട്. അതുപരിഗണിച്ച് റവന്യു കമ്മി ഗ്രാന്റ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി വി.ഡി.സതീശന് പറഞ്ഞു.