ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെതിരെ ഇന്ത്യാസഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള 50ലധികം എംപിമാരുടെ ഒപ്പുകളോടെയാണ് നോട്ടിസ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ സമർപ്പിച്ചത്. വിജയ പ്രതീക്ഷയില്ലെങ്കിലും അവിശ്വാസ പ്രമേയത്തിൽനിന്നും പിന്മാറില്ലെന്ന് വിവിധ പാർട്ടികളിലെ നേതാക്കൾ പറഞ്ഞു. 

സോണിയാ ഗാന്ധിയും വ്യവസായി ജോർജ് സോറസും തമ്മിലുള്ള ബന്ധം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിജെപി എംപിമാരും പ്രതിപക്ഷ അംഗങ്ങളും ഏറ്റുമുട്ടിയതിനെ തുടർന്ന് ഇരുസഭകളും പിരിഞ്ഞതിനു പിന്നാലെയാണ് നോട്ടിസ് സമർപ്പിച്ചത്. രാജ്യസഭാ നടപടികൾ കൈകാര്യം ചെയ്യുന്നതിൽ ധൻകറിനെതിരെ പ്രതിപക്ഷ നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തിയാണ് ഈ നീക്കത്തിനു പിന്നിൽ‌. 

പ്രതിപക്ഷ എംപിമാരുടെ പ്രസംഗങ്ങൾ ഇടയ്ക്കിടെ തടസപ്പെടുത്തുകയും നിർണായക വിഷയങ്ങളിൽ മതിയായ സംവാദം അനുവദിക്കാതിരിക്കുകയും ചർച്ചകളിൽ ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുകയും ചെയ്യുന്നുവെന്നുമാണ് ധൻകറിനെതിരായ ആരോപണം. രാജ്യസഭാ ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം പ്രതിപക്ഷം ആലോചിക്കുന്നതായി ഈ വർഷം ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ, രാജ്യസഭയിൽ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സമയം കുറയുന്നത് സംബന്ധിച്ച് പ്രതിപക്ഷ എംപിമാർ അന്നും ആശങ്ക ഉന്നയിച്ചതാണ്. കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയുടെ പ്രസംഗങ്ങൾ തടസപ്പെടുത്തുന്നതാണ് പ്രധാന തർക്ക വിഷയം. ഖർഗെയുടെ മൈക്ക് ഒന്നിലധികം തവണ ഓഫാക്കിയതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

English Summary:

Jagdeep Dhankhar : Over 50 MPs from the INDIA alliance have submitted a no-confidence motion against Rajya Sabha Chairman Jagdeep Dhankhar, citing bias and suppression of opposition voices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com