താനൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ; മകളുടെ മൃതദേഹം കട്ടിലിലും അമ്മ തൂങ്ങിയനിലയിലും
Mail This Article
താനൂർ (മലപ്പുറം)∙ അമ്മയെയും സംസാരശേഷിയില്ലാത്ത മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മഠത്തിൽ റോഡ് മേനോൻ പീടികയ്ക്ക് സമീപം കാലടി ലക്ഷ്മി ( ബേബി 74) മകൾ ദീപ്തി (36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ബേബി തൂങ്ങിമരിച്ച നിലയിലും മകൾ കട്ടിലിൽ മരിച്ച് കിടക്കുന്നതുമാണ് കണ്ടത്. ഈ വീട്ടിൽ താമസിക്കുന്ന മൂത്ത മകൻ ദീപകിന്റെ ഭാര്യ രേഷ്മ, ഇരുവരും കിടന്നിരുന്ന മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്നു മുട്ടിയപ്പോൾ ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ കുത്തിത്തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
സമീപമാണ് ഇളയ മകൻ ലിജേഷ് താമസിക്കുന്നത്. ദീപക് ജോലി ആവശ്യത്തിന് നിലമ്പൂരിലാണ്. മരിച്ച ദീപ്തി നടക്കാനും ഏറെ പ്രയാസം നേരിടുന്ന യുവതിയാണ്. ബേബിയുടെ ഭർത്താവ് ബാലസുബ്രഹ്മണ്യൻ സൈനിക സേവനത്തിൽ നിന്ന് വിരമിച്ചതാണ്. 15 വർഷം മുൻപ് കൂട്ടുമൂച്ചിയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.