ADVERTISEMENT

ഡമാസ്കസ് ∙ സിറിയയിലെ കുപ്രസിദ്ധമായ സെയ്ദ്നായ അടക്കമുള്ള ജയിലുകളിലെ തടവുകാരെ വിമതർ മോചിപ്പിക്കുന്നതിനിടെ, കാണാതായ ബന്ധുക്കളെത്തേടി കുടുംബാംഗങ്ങൾ ജയിലുകളിൽ തിരച്ചിൽ‌ നടത്തുകയാണ്. പുറത്തെത്തിയ തടവുകാരുടെ കൂട്ടത്തിൽ ബന്ധുക്കളെ കാണാതിരുന്നവർ ജയിലുകളിൽ തിരഞ്ഞെങ്കിലും പലരെയും കണ്ടെത്താനായില്ലെന്നാണു വിവരം. ഇതിന്റെ പേരിൽ പല ജയിലുകളിലും അധികൃതരും തടവുകാരുടെ ബന്ധുക്കളും തമ്മിൽ സംഘർഷങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

ബഷാർ അൽ അസദിന്റെ കാലത്ത് പുരുഷൻമാരും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനു പേരെയാണ് സെയ്ദ്നിയ ജയിലിൽ തടവിലിട്ടു പീഡിപ്പിച്ചത്. ചെറിയ ഭൂഗർഭ അറകളിൽ, ആവശ്യത്തിനു ഭക്ഷണം കിട്ടാതെ, സൂര്യപ്രകാശം പോലും കാണാതെ വർഷങ്ങളോളം കഴിഞ്ഞ തടവുകാരുണ്ട്. അസദിന്റെ സേന പിടിച്ചുകൊണ്ടുപോയവരിൽ പലർക്കും എന്തുപറ്റിയെന്നത് ഇപ്പോഴും അറിയില്ല. അതിൽ ചിലർ മാത്രമാണ് വിമതസേന ജയിലുകൾ തുറന്നപ്പോൾ പുറത്തുവന്നത്. ‘‘റെ‍ഡ് പ്രിസൺ എന്ന പേരിൽ ഭൂമിക്കടിയിൽ മൂന്നു നില താഴെ തടവുമുറികളുണ്ട്. അവ ഇതുവരെ തുറക്കാനായിട്ടില്ല. വളരെ സങ്കീർണമായ പൂട്ടുകളാണ്. അതു തുറക്കാൻ അറിയാവുന്നവർ ഇപ്പോൾ സ്ഥലത്തില്ല’’ – രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചർച്ചകൾക്കു പ്രശ്നമില്ല: യുഎസ്

ഭീകരസംഘടനയെന്ന ലേബലുണ്ടെങ്കിലും വിമതസേനയുമായുള്ള ചർച്ചകൾക്ക് അതു പ്രശ്നമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. നിലവിൽ ഹയാത് തഹ്‌രീർ അൽ–ഷാമുമായി (എച്ച്ടിഎസ്) സജീവ ചർച്ചകൾ നടത്തുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതിനിടെ, 12 വർഷം മുൻപ് സിറിയയിൽവച്ച് കാണാതായ യുഎസ് മാധ്യമപ്രവർത്തകൻ ഓസ്റ്റിൻ ടൈസിനെ കണ്ടെത്താനുള്ള നീക്കങ്ങൾ യുഎസ് ആരംഭിച്ചു. ഇതിനായി പ്രത്യേക ദൂതൻ റോജർ കാർസ്റ്റെൻസ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെത്തി. ടൈസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണു യുഎസ് കരുതുന്നത്.

‘അടുത്ത സർക്കാർ ഉടൻ’

സിറിയയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ നടപടികൾ വിമതസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വിമത സേനയായ എച്ച്ടിഎസിന്റെ കമാൻഡർ അബു മുഹമ്മദ് അൽ ജുലാനി, നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ജലാലിയുമായും വൈസ് പ്രസിഡന്റ് ഫൈസൽ മെക്ദാദുമായും ഇതു സംബന്ധിച്ച് ചർച്ച നടത്തി. വടക്കുപടിഞ്ഞാറൻ സിറിയയുടെയും ഇദ്‌ലിബിന്റെയും ചില ഭാഗങ്ങൾ ഭരിച്ചിരുന്ന സാൽവേഷൻ സർക്കാരിന്റെ അധിപനായ മുഹമ്മദ് അൽ ബഷീർ ആണ് ഇടക്കാല സർക്കാരിന്റെ തലവനാകുക. ദിവസങ്ങളെടുത്തേ അധികാരക്കൈമാറ്റം പൂർത്തിയാക്കാനാകൂയെന്ന് ജുലാനി മാധ്യമങ്ങളോടു പറഞ്ഞു.

13 വർഷം നീണ്ട ആഭ്യന്തര യുദ്ധം 12 ദിവസം അവസാനിച്ചതിന്റെ അമ്പരപ്പിലാണു ലോകനേതാക്കൾ. സിറിയയുടെ കാര്യത്തിൽ തിങ്കളാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതി യോഗം നടന്നിരുന്നു. ഇനിയെങ്ങനെയാണ് സിറിയൻ വിഷയം മുന്നോട്ടുപോകുന്നതെന്ന് യുഎന്നും ലോകനേതാക്കളും നിരീക്ഷിക്കുന്നുണ്ട്. അസദ് സർക്കാരിനെ അട്ടിമറിച്ച വിമതസേന വാഗ്ദാനങ്ങൾ പാലിക്കുകയാണെങ്കിൽ അവരെ ഭീകരസംഘടനപ്പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് യുകെ വ്യക്തമാക്കി.

English Summary:

Syria Civil War: Families search for missing loved ones in Syrian prisons as rebels take control. The US considers talks with HTS while world leaders react to the rapid regime change.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com